Monday, 3 August 2015

കാട് കത്തുന്നു


            ആകാശം ഇത്ര അടുത്ത് ആദ്യമായിട്ടായിരിക്കും .അയാൾ തല മുഴുവനായ് മുകളിലേക്ക് ചരിച്ചു ,എന്നിട്ട് കൈകൾ രണ്ടും വീശി നോക്കി .നക്ഷത്രങ്ങളും മേഘങ്ങളും പക്ഷെ തന്റെ കൈപ്പിടിയിൽ നിന്നും വഴുതി മാറുന്നു. മുകളിലെ അനന്തത നോക്കി കുറച്ചങ്ങനെ നടന്നു.360 degree കറങ്ങി എല്ലാം കൂടി തലയിൽ വീഴാൻ പോകുന്ന പോലെ.പെട്ടന്നുതന്നെ തലതാഴ്തി അയാൾ സമനില വീണ്ടെടുത്തു.അപ്പോഴാണ് മനസിലായത് പോകേണ്ടതിന്റെ എതിർദിശയിൽ മുകളിലോട്ടാണ് തന്റെ നടത്തമെന്ന്.തനിക്ക് പറ്റിയ അമളിയോർത്ത് അയാൾ ചിരിച്ചു.അകത്തുകിടക്കുന്ന വിസ്ക്കിയുടെ ഒരു കാര്യം .ഏതുബുദ്ധിജീവിയെയും മന്തനാക്കാൻ അവനു പറ്റും.കൂട്ടുകാർ അപ്പോഴേക്കും കുറച്ച് മുന്നിലെത്തിയിരുന്നു, അവർക്കൊപ്പമെത്താൻ അയാൾ നടത്തത്തിന്റെ വേഗം കൂട്ടി.ആടിയാടി അങ്ങനെ…
       അവരെല്ലാവരും കൂടി ചുരമിറങ്ങുകയാണ്.ആ രാത്രിയിൽ ,കൊടും കാടിനു നടുവിലൂടെ , മലകളുടെ ഓരം പറ്റി വളഞ്ഞുപോകുന്ന ചുരം.തങ്ങൾക്കുവേണ്ടിമാത്രമാണോ ആ റോഡ് ഉണ്ടാക്കിയത്? കാരണം നടക്കാൻ തുടങ്ങിയിട്ട് അര മണിക്കൂറായെങ്കിലും ഒരു മനുഷ്യക്കുഞ്ഞിനെപ്പോലും കണ്ടില്ല.ഒരു വണ്ടിപോലും അതു വഴിപോയിട്ടില്ല. രാവിലെ മലകയറിയതാണ്.Tourist മാപ്പിൽ ഇടം പിടിക്കാത്ത സ്ഥലം.അതുകൊണ്ട് ടൂറിസ്റ്റുകാരുടെയും forest gurard കളുടെയും ശല്യമില്ലാതെ സ്വസ്ഥമായിട്ട്
വെള്ളമടിക്കാം.അത്രയും ഏകാന്തമായ പ്രദേശം.പക്ഷെ കുടിച്ച് കൂത്താടി തിരിച്ചിറങ്ങുമ്പോൾ കാർ കേടായി.രാത്രി കൊടും കാടിനുനടുവിൽ.പക്ഷെ പേടിയൊന്നും തോന്നിയില്ല.ഉള്ളിലെ മദ്യത്തിന്റെ effect.വണ്ടി അവിടെയിട്ട് നടന്നു.പാട്ടും ബഹളവുമായ് ആർമാദ്ദിച്ച് ചുരമിറങ്ങി..ഇപ്പോഴും ഇറങ്ങുന്നു.
      തലയ്ക്കുമുകളിലൂടെ ചെറുതായിട്ട് മലങ്കാറ്റുവീശുന്നുണ്ട്.അയാൾ പണ്ട് geography പഠിച്ചതോർത്തു.മലമുകളിൽ നിന്നും താഴേക്ക് വീശുന്ന പർവതക്കാറ്റും , തിരിച്ചുള്ള താഴ് വരക്കാറ്റും.രാത്രിയിൽ ഇതിൽ ഏതായിരിക്കും?.അയാൾ ഓർത്തെടുക്കാൻ ശ്രമിച്ചു..ചായ് ..വിട്ടുകള….
അയാൾ ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു.ആ ചെറുകാറ്റിൽ അത് ശരിക്കും പുകഞ്ഞു..കാട്ടിനുള്ളിൽ നിന്നും രാത്രിഞ്ജരന്മാരുടെ ആരവങ്ങൾ കേൾക്കാം.അതൊരു സൂചനയാണ്.ഞങ്ങൾ ഉണർന്നിരിക്കുന്നു.ഇനി ഉറങ്ങാൻ പോകുന്നവരേ..രക്ഷപ്പെടാമെങ്കിൽ രക്ഷപ്പെട്ടോ..
      പ്രഭാതത്തിൽ സൂര്യവെളിച്ചം അരിച്ചിറങ്ങുന്ന പോലെ ബോധം കുറേശ്ശെ തെളിയുന്നത് അയാൾ അറിഞ്ഞു.കാലുകളുടെ ക്രമരാഹിത്യം കുറഞ്ഞുവരുന്നുണ്ട്.നടത്തം ഏകദേശം ഒരു മണിക്കൂർ പിന്നിട്ടു.ഇവിടെ നിന്നും 5 വളവു പുറകിലാണ് കാർ കേടായത്.നാശം പിടിക്കാൻ.അകത്തുകിടക്കുന്ന ലഹരിയിൽ മറ്റൊന്നും ചിന്തിക്കാതെ ഇറങ്ങി നടന്നു.ഇപ്പോൾ ബോധം തെളിയുന്നുണ്ടെങ്കിലും ശരീരം തളരുന്നു..താഴെ താഴ് വാരത്തിൽ ലൈറ്റുകൾ തെളിഞ്ഞിട്ടുണ്ട്.ഇത്ര ഉയരത്തിൽനിന്നുള്ള കാഴ്ച്ച അതിമനോഹരം തന്നെ.ഓരോ വളവിലും പ്രതീക്ഷയായ് അത് തെളിഞ്ഞുവരും , പിന്നെ നിരാശനൽകി അത് മറയും..ഓരോ വളവിലും ആവർത്തിക്കുന്ന കാഴ്ച്ചകൾ.
കൂട്ടുകാരിൽ നിന്നും വിട്ട് തനിയെ നടക്കാനായിരുന്നു അയാൾക്കിഷ്ടം.പക്ഷെ ഇപ്പോൾ ഈ സഞ്ചാരം മടുത്തിരിക്കുന്നു.ഈ കാടിന്റെ ഏകാന്തത തികച്ചും വ്യത്യസ്തമാണ്.അത് ഭീതിയിൽ അതിഷ്ടിതമാണ്.ആ മഹമൗനത്തിൽ അയാൾക്ക് മനം മടുത്തിരിക്കുന്നു.ഇനിയും ബോധം വീണ്ടെടുക്കാത്ത കൂട്ടുകാരുടെ ചേഷ്ടകളിലേക്ക് അയാൾക്ക് ശ്രദ്ധതിരിഞ്ഞു.
“എടാ..നമുക്ക് കുറച്ച് സ്പീടുകൂട്ടാം. ഇല്ലെങ്കിൽ പണിയാ.താഴെ ടൗണിൽ എത്തുമ്പോഴേക്കും പാതിരയാകും.പിന്നെ വണ്ടിയൊന്നും കിട്ടില്ല. “
അയാളുടെ മുന്നറിയിപ്പ് അവർ കേട്ടതായ്പോലും ഭാവിച്ചില്ല.company യിൽ പുതുതായ് വന്ന ഒരു പഞ്ചാബി പെൺകുട്ടിയുടെ ശരീരവർണ്ണന നടക്കുകയാണ്.
കാറ്റിന്റെ ശക്തി കൂടിക്കൂടി വരുന്നു.അതിനൊപ്പം വരുന്ന നേർത്ത പുക അയാൾ ശ്രദ്ധിച്ചു.കൂടെ എന്തോ കരിയുന്ന മണം.തിരിഞ്ഞു നോക്കിയ അയാൾ ആ കാഴ്ച്ച കണ്ട് ഞെട്ടി.
മുകളിൽ , മലയുടെ ശിഖരത്തിൽ , ഒരു പാമ്പിനെ പോലെ ചുറ്റിവളഞ്ഞു കിടക്കുന്നു..അതിനെ ആർത്തിയോടെ വിഴുങ്ങാൻ പാകത്തിൽ..തീ…കാട്ടുതീ….
ഒരു നിമിഷാർദ്ധത്തിൽ നഷ്ടപ്പെട്ട ബോധം വീണ്ടെടുത്ത ശേഷം അയാൾ അലറിവിളിച്ചു…
“ടാ..തീ..കാട്ടുതീ…”
ബഹളത്തിൽ മുങ്ങിയിരുന്ന അവരും ആ കാഴ്ച്ച കണ്ട് സ്തബ്ദ്ധരായി.
“ഇതെങ്ങനെ വന്നു.”
“എങ്ങനെ വരാനാ..നോക്ക് നമ്മൾ തമ്പടിച്ച ഭാഗത്താണ് തീ..ഓർമ്മയില്ലേ..അവിടാണ് നമ്മൾ തീകൂട്ടി കോഴിയെ ചുട്ടത്.തിരിച്ചിറങ്ങുമ്പോൾ അതു കെടുത്തിയില്ല. ഇതതുതന്നെ ”
അത് ശരിവെച്ചതുപോലെ എല്ലാവരും നിശബ്ദരായി.കണ്മുന്നിൽ തീ അതിവേഗം പടരുകയാണ്.
“ഇനി എന്തു ചെയ്യും..”
“പേടിക്കേണ്ട, നമ്മളാണ് ചെയ്തതെന്ന് എന്ത് തെളിവാണുള്ളത്..” ഒരാളുടെ വാദം
“Forest കാരെ അറിയിച്ചാലോ?”
“അത് അപകടമാണ്, അവർക്ക് സംശയം തോന്നും.ഇത് പുറത്തറിയുന്നതിനു മുൻപ് നമുക്ക് താഴെ ടൗണിലെത്തണം.അവിടുന്ന് ഒരു മെക്കാനിക്കിനെ തപ്പിയെടുത്ത് വണ്ടി നന്നാക്കി സ്ഥലം വിടണം.വേറെ വഴിയില്ല.എല്ലാവരും നടത്തത്തിനു speed കൂട്ടിക്കോ..”
ഉള്ളിലെ ലഹരിയുടെ ഹുങ്ക് തീരാൻ ആ കാഴ്ച്ച മതിയായിരുന്നു.എല്ലാവരും ഓടുകയാണോ നടക്കുകയാണോ എന്നറിയാത്ത നിലയിലായി.
ആ കാട്ടുതീ തന്റെ മനസിലേക്കും പടരുന്നതായ് തോന്നി.ആ പാതകം ചെയ്തത് തന്റെ കൈകളിൽ നിന്നായിരുന്നല്ലോ.മദ്യ വീര്യത്തിൽ അന്ധനായിരുന്നു അപ്പോൾ.ചുള്ളിക്കമ്പുകൾ കൂട്ടി തീ കത്തിച്ചപ്പോൾ കാട്ടിൽ നിന്നും ഒന്നു മാറിചെയ്യാൻ പോലും തോന്നിയില്ല.തിരിച്ചുവരുമ്പോൾ അണയ്ക്കാനും ശ്രമിച്ചില്ല.ആ കടുത്തവേനലിൽ അതുമതിയായിരുന്നു ആളികത്താൻ.
ഇപ്പോൾ ഉള്ളിലെ മദ്യം പൂർണ്ണമായും കെട്ടിരിക്കുന്നു.മനസിൽ വിചാരങ്ങളുടെ വേലിയേറ്റം.
      അയാൾ ഓർത്തു.തന്റെ കോളേജ് പഠനകാലഘട്ടം , പ്രകൃതി സ്നേഹം തലയ്ക്ക് പിടിച്ചിരുന്ന സമയം.nature club ന്റെ പ്രധാന volunteer ആയ തന്റെ അന്നത്തെ  റോൾ മോഡൽ club ന്റെ  ചുമതലയുള്ള നസീർ സാർ ആയിരുന്നു.കാടിനെ ജീവനു തുല്യം സ്നേഹിക്കുന്ന, അതിന്റെ മനസിൽ ആവാഹിക്കുന്ന ഒരു അവധൂതൻ.കാടിനെ ചെറുതായ് പോലും നോവിക്കാതിരിക്കാൻ ചെരിപ്പുപോലും അദ്ദേഹം ഉപേക്ഷിച്ചിരുന്നു.ആ ബാച്ചിലെ അവസാനത്തെ Trekking അദ്ദേഹത്തോടൊപ്പമായിരുന്നു, കക്കയം മലനിരകളിൽ.ഒരിക്കലും മറക്കാനാകത്ത കാട്ടനുഭവങ്ങൾ.കാടിന്റ് ഓരോ ചലനങ്ങളും അദ്ദേഹം വിവരിച്ചു തന്നു.ഏതൊക്കെ പക്ഷികളുടെ ശബ്ദങ്ങൾ,ഏതൊക്കെ മരങ്ങൾ, അവയുടെ species.ആയിരം വർഷം പ്രായമുള്ള ഒരു വനവാസിയുടെ അറിവായിരുന്നു അദ്ദേഹത്തിന്.ചിലപ്പോൾ കാടിന്റെ നിഗൂഡതകൾക്കഭിമുഖുമായ് നിന്നു ഒരു മുനിയെപോലെ ധ്യനിച്ചു,യൂക്കാലിപ്റ്റസ് തോട്ടങ്ങളിലും പ്ലാസ്റ്റിക്ക് കൂമ്പാരങ്ങളിലും ഒതുങ്ങുന്ന വനവൽക്കരണ പരിഷ്ക്കാരങ്ങളോട് ഒരു ധിക്കാരിയെ പോലെ കലഹിച്ചു.
“കുട്ടികളേ..ഈ യൂക്കാലി,അക്കേഷ്യാ മരങ്ങൾ വിദേശികളാണ്.അത് വെള്ളവും വളവു കൂടുതൽ വലിച്ചെടുക്കും. അങ്ങനെ മറ്റുചെടികൾ വളരാനാകതെ കാട് നശിക്കും”
യൂക്കാലി തോട്ടത്തിനു ചുറ്റുമുള്ള ഉണങ്ങിയ മരങ്ങൾ കാണിച്ച് അദ്ദേഹം സമർഥിച്ചു.
“കണ്ടോ ,ഇതാണ് നമ്മുടെ സർക്കാരിന്റെ വനവൽക്കരണം.നിങ്ങളെങ്കിലും ഇതു മനസിലാക്കണം.കാടു സംരക്ഷിക്കാനാണ് ശ്രമമെങ്കിൽ നിങ്ങൾ ഒന്നും ചെയ്യണ്ട.കാടിനെ ശല്യപ്പെടുത്താതെ വെറുതെ വിടുക.അത് തനിയെ വളർന്നോളും.വിദേശിമരങ്ങൾ നട്ടുപിടിപ്പിച്ച് അതിന്റെ നശിപ്പിക്കരുത്.Let them grow up"
സാറിന്റെ ഓരോ വാക്കും പുതിയ തിരിച്ചറിവുകളായിരുന്നു.ഒരു പാട് പക്ഷിമൃഗാധികളെ ഞങ്ങൾ കണ്ടു, സാറുള്ളതുകൊണ്ടായിരിക്കാം അവ ഓട്ടും തന്നെ അപരിചിതത്വം കാണിച്ചില്ല,പേടിച്ചോടിയില്ല, അവരെല്ലാം ശാന്തരായിരുന്നു.
അന്നത്തെ  trekking  കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോഴായിരുന്നു ആ സംഭവം നടന്നത്.ദീർഘമായ് നടന്നതിന്റെ ക്ഷീണത്തിലായിരുന്നു എല്ലാവരും.പെട്ടന്ന് ഒരു വലിയ ശബ്ദത്തോടെ ബസ് ആടിയുലഞ്ഞു.എല്ലാവരും അലറിക്കരഞ്ഞു.നിയന്ത്രണം വിട്ട് കുറച്ച് പോയശേഷം എവിടെയോ തട്ടി നിന്നു.എന്താണ് സംഭവിച്ചതെന്നറിയാതെ എല്ലാവരും ചാടിയിറങ്ങി.ബ്രേക്ക് പൊട്ടിയതാണ്.ഭാഗ്യവശാൽ ബസ് റോഡ് സൈഡിലെ പടുകൂറ്റൻ ആൽമരക്കൂട്ടത്തിലേക്ക് കയറിപോയി.അതിന്റെ ശിരസ്സിൽ നിന്നു താഴേക്ക് വളർന്ന ശക്തമായ വേരുകൾ ആ ബസ്സിനെ നിസ്സാരമായ് തടഞ്ഞുനിർത്തിയിരിക്കുന്നു.അതിനപ്പുറം കൊക്കയാണ്.ആ മരം ഇല്ലായിരുന്നെങ്കിൽ ആ അഗാതതയിലേക്ക് വീഴുമായിരുന്നു.ഒരു വലിയ വിപത്തിൽ നിന്നും രക്ഷപ്പെട്ട അമ്പരപ്പിൽ ഞങ്ങൾ സാറിനെ നോക്കി. അദ്ദേഹം സൗമ്യനായ് പറഞ്ഞു.
“കാട് അങ്ങനെയാണ്, സ്നേഹിച്ചാൽ തിരിച്ച് സ്നേഹിക്കും,രക്ഷിക്കും…മറിച്ച് ദ്രോഹിച്ചാലോ..”
         ആ വാചകം തന്റെ മനസിന്റെ ഭൂതകാല അറകളിൽനിന്നും നിരന്തരം മുഴങ്ങുന്നു.അയാൾ പുറകോട്ടുനോക്കി.കാട്ടുതീ ഉഗ്രരൂപം പ്രാപിച്ചിരിക്കുന്നു.അതു കൂടുതൽ വഴികളിലൂടെ പായുകയാണ്.ആയിരം കൈകളാൽ ആ കാടിനെ മെല്ലെ വിഴുങ്ങുന്നു.അവിടുത്തെ പക്ഷികൾ,മൃഗങ്ങൾ എല്ലാം അതിൽ ചാമ്പലാകും.
വർഷങ്ങൾക്കു മുൻപ് കാടിനെ സ്നേഹിച്ച,കാട് മൂലം ജീവൻ തിരുച്ചുകിട്ടിയ ഒരാൾ , അയാളിപ്പോൾ ഒരു കാടിന്റെ നാശത്തിന് കാരണമാകുന്നു.എന്തൊരു വിരോധാഭാസം.കനത്ത കുറ്റബോധത്താൽ അയാൾ കുഴങ്ങി,മനസും ശരീരവും ഒരു പോലെ തളർന്നു.ഇനി ഒരടു മുന്നോട്ടു നടക്കാൻ വയ്യ. മുന്നിൽ കൂട്ടുകാരും മടുത്തിരിക്കുന്നു. വേച്ചു വേച്ചാണ് അവരും നടക്കുന്നത്. കുറച്ചു മുന്നേ പാട്ടു പാടി ആഹ്ലാദത്തോടെ നടന്നവർ ഇപ്പോൾ അപരിചിതരെപോലെ ഒറ്റയ്ക്കൊറ്റയ്ക്ക് നടക്കുന്നു. ഒന്നും വേണ്ടായിരുന്നു എന്ന തോന്നലുണ്ടാകാം എല്ലാവർക്കും . ആ വിപത്തിൽ തങ്ങളുടെ പങ്ക് മറച്ചുവെച്ച് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന മുഖഭാവം. വല്ലാത്തൊരവസ്ഥ. ഒരു വളവുതിരിഞ്ഞപ്പോൾ ഒരു മൈൽ കുറ്റി. എല്ലാവരും പ്രതീക്ഷയോടെ അത് നോക്കി. ടൗൺ 14 Km . " ഇനിയും 14 Km ?! ഈശ്വരാ ഞാനിവിടെ കിടക്കുവാ.എനിക്കിനി നടക്കാൻ വയ്യ. " . കാടിനുള്ളിൽ നിന്നും ശബ്ദങ്ങൾ ഉയരുന്നു. ആയിരം കരിയിലകൾ ഒന്നിച്ചു ഞെരിയുന്ന ശബ്ദം.
" എന്താണത്". ഒരാൾ ചോദിച്ചു
“ഈ മലയ്യ്ക്കപ്പുറത്ത് ഡാമണ്.വേനലിൽ അവിടെ മാത്രമേ വെള്ളം കിട്ടൂ.മൃഗങ്ങളെല്ലാം രാത്രി  മലകടന്ന് ഡാമിലെത്തും.ആനയും,പുലിയും രാജവെമ്പാലയും..”
“രാജവെമ്പാലയോ..! “ പറയുമ്പോൾ ശബ്ദം പതറിയിരുന്നു.
“അവരുടെ സഞ്ചാരപാതയിലാണ് നാമിപ്പോൾ,ഇവിടെ നിൽക്കുന്നത് ആപത്താണ്”.. ശരിയല്ലേ എന്നമട്ടിൽ എല്ലാവരും അയാളെ നോക്കി.പക്ഷെ ഒരു മറുപടിപറയാൻ അയാൾ അശക്തനായിരുന്നു.മനസിൽ മുഴങ്ങുന്നത് നസീർസാറിന്റെ ആ വാക്കുകൾ മാത്രം.
പാതി ജീവനുമായ് അവർ വീണ്ടും ഇറങ്ങുകയാണ്.കുറച്ചുമുന്നേവരെ ശാന്തമായിരുന്ന കാടിന്റെ മാറ്റം അയാൾ ശ്രദ്ധിച്ചു.അവിടെ നിന്നുമുയരുന്ന അസാധാരണ ശബ്ദങ്ങൾ, ഇരുട്ടിൽ നിന്നും ചോരക്കണ്ണുകൾ തങ്ങളെ പിന്തുടരുന്നുണ്ടോ..?..മുന്നിൽ വളഞ്ഞുനീണ്ടുകിടക്കുന്ന ചുരം..ഇരുട്ടുനിറഞ്ഞ കാട്..പിറകിൽ തീ…എവിടെയോ എന്തോ ഒരുങ്ങുന്നുണ്ട്…ആ തണുപ്പിലും അയാൾ വിയർത്തു.
“അതാ ഒരു വണ്ടി..” ഒരാൾ ആർത്തുവിളിച്ചു.
ശരിയാണ് ,മുകളിൽനിന്നും ഒരു ജീപ്പ് വരുന്നുണ്ട്.മൂന്നുമണിക്കൂർ നീണ്ട നടത്തത്തിൽ ആദ്യമായിട്ടാണ് ഒരു വണ്ടി വരുന്നത്. അവസാന പ്രതീക്ഷയാണ്.എല്ലാവരും കൈരണ്ടും പൊക്കി റോഡിനു നടുവിൽ നിന്നു.ജീപ്പിന് നിർത്താതെ വേറെ വഴിയുണ്ടായിരുന്നില്ല.
“അണ്ണാ..ഞങ്ങളെ എങ്ങനെയെങ്കിലും താഴെയെത്തിക്കണം..വണ്ടി കേടായി..ഈ കാട്ടിൽ പെട്ടുപോയി..”കരയുന്ന അവസ്ഥയിലായിരുന്നു അവർ അത് പറഞ്ഞത്.
“ജീപ്പിൽ സാധനങ്ങളാണ്,അകത്ത് സ്ഥലമില്ല..പിറകിൽ തൂങ്ങിനിൽക്കേണ്ടിവരും..”
എന്തിനും റെഡിയായിരുന്നു അവർ.എല്ലാവരും വണ്ടിയുടെ പിറകിൽ പറ്റിപ്പിടിച്ച് നിന്നു.അയാൾ നിന്നത് സൈഡ് ലാമ്പിന്റെ മുകളിൽ.ഒരു കൈത്താങ്ങ് കിട്ടിയതിന്റെ ആശ്വാസം എല്ലാവരിലും ഉണ്ട്.അയാൾക്കൊഴികെ. തന്റെ മനസാക്ഷിയെ മുകളിലിട്ട് കത്തിച്ചാണ് അയാൾ ചുരമിറങ്ങുന്നത്.മനസാക്ഷിയെ വേർപെട്ട് ഒരുജീവിതമുണ്ടോ..അയാൾ സാവധാനം ഒരു നിർവികാരാവ‌ സ്ഥയിലേക്ക് വീണു.
അവരെയും കൊണ്ട് ജീപ്പ് അതിവേഗം ചുരമിറങ്ങുന്നു.അതിനിടയിൽ അയാൾ കണ്ടു.അടുത്തവളവിൽ ഒരു കാട്ടുവള്ളി റോഡിലേക്ക് തൂങ്ങിനിൽക്കുന്നത്.താൻ നിൽക്കുന്ന ദിശയ്ക്ക് അഭിമുഖമായാണ് അത്.തന്റെ വരും നിമിഷങ്ങൾ അയാൾ മുൻകൂട്ടി കണ്ടു.അതിവേഗം ജീപ്പ് വളവിതിരിയുന്നത്..ആ കാട്ടുവള്ളി തന്റെ തലയിൽ കുരുങ്ങുന്നത്..തെറിച്ചുവീണു..പിന്നെ നേരെ താഴേക്ക്..ഇരുട്ടിലേക്ക്…കാട്ടിലലിഞ്ഞ്…
നസീർസാറിന്റെ വാക്കുകൾ ആയാളുടെ മനസിൽ മുഴങ്ങി..
“കാട് അങ്ങനെയാണ്, സ്നേഹിച്ചാൽ തിരിച്ച് സ്നേഹിക്കും,രക്ഷിക്കും…മറിച്ച് ദ്രോഹിച്ചാലോ..
.ജീപ്പ് അതിവേഗം വളവിലേക്ക് പാഞ്ഞടുത്തു.
കാട്ടുവള്ളികൾ അവിടെ ഒരുങ്ങിനിന്നു.
"അത് എന്റെ വിധിയാണ് ,ഒഴിഞ്ഞുമാറാനാകില്ല എനിക്ക്. കാടെന്ന വികാരത്തെ ഞാനിപ്പോൾ തിരിച്ചറിയുന്നു. ആദിയിൽ ഞാൻ പിറന്നുവീണ ആ പഴയ തറവാട്ടു മുറ്റത്തേക്ക് എന്റെ കാട്ടു വഴികൾ അവസാനിക്കുകയാണ്‌."
അയാൾ കണ്ണടച്ചു നിന്നു.

1 comment:

  1. ഇങ്ങനെ സംഭവിക്കുമോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മദ്യലഹരിയില്ലാത്ത അവസ്ഥയിൽ ഇങ്ങനെയൊക്കെ ചിന്തിക്കിക്കാൻ കഴിയുന്ന ആൾ കാട്ടിലേക്ക് ഇതിനായി പോകുമോ ? കാടിനെക്കുറിച്ച് കുറച്ച് അറിവുകൾ നേടുകയും പഠനം നടത്തുകയും ഉല്ലാസത്തിനായി മാത്രം കാട്ടിനെ സമീപിക്കുകയും ചെയ്തിട്ട് തന്റെ ഒരശ്രദ്ധകൊണ്ട് കാടിന്‌ നാശമുണ്ടായാൽ അത് അയാളെ ഇത്രയധികം വൈകാരികമായി തളർത്തുമോ ?....അതായത്, ഒരു കറതീർന്ന പ്രകൃതിസ്നേഹി മദ്യപിക്കാനും ആഘോഷിക്കാനുമായി വനത്തിലേക്കു പോകില്ല. നല്ല പ്രകൃതി സ്നേഹിയല്ലാത്തവർക്ക് കാടുകത്തുന്നത് മാനസികമായി തളർത്തുകയുമില്ല. പൊതുവെ അങ്ങനെയാണ്‌ കണ്ടുവരുന്നത്.

    ReplyDelete