Monday, 3 August 2015

കാട് കത്തുന്നു


            ആകാശം ഇത്ര അടുത്ത് ആദ്യമായിട്ടായിരിക്കും .അയാൾ തല മുഴുവനായ് മുകളിലേക്ക് ചരിച്ചു ,എന്നിട്ട് കൈകൾ രണ്ടും വീശി നോക്കി .നക്ഷത്രങ്ങളും മേഘങ്ങളും പക്ഷെ തന്റെ കൈപ്പിടിയിൽ നിന്നും വഴുതി മാറുന്നു. മുകളിലെ അനന്തത നോക്കി കുറച്ചങ്ങനെ നടന്നു.360 degree കറങ്ങി എല്ലാം കൂടി തലയിൽ വീഴാൻ പോകുന്ന പോലെ.പെട്ടന്നുതന്നെ തലതാഴ്തി അയാൾ സമനില വീണ്ടെടുത്തു.അപ്പോഴാണ് മനസിലായത് പോകേണ്ടതിന്റെ എതിർദിശയിൽ മുകളിലോട്ടാണ് തന്റെ നടത്തമെന്ന്.തനിക്ക് പറ്റിയ അമളിയോർത്ത് അയാൾ ചിരിച്ചു.അകത്തുകിടക്കുന്ന വിസ്ക്കിയുടെ ഒരു കാര്യം .ഏതുബുദ്ധിജീവിയെയും മന്തനാക്കാൻ അവനു പറ്റും.കൂട്ടുകാർ അപ്പോഴേക്കും കുറച്ച് മുന്നിലെത്തിയിരുന്നു, അവർക്കൊപ്പമെത്താൻ അയാൾ നടത്തത്തിന്റെ വേഗം കൂട്ടി.ആടിയാടി അങ്ങനെ…
       അവരെല്ലാവരും കൂടി ചുരമിറങ്ങുകയാണ്.ആ രാത്രിയിൽ ,കൊടും കാടിനു നടുവിലൂടെ , മലകളുടെ ഓരം പറ്റി വളഞ്ഞുപോകുന്ന ചുരം.തങ്ങൾക്കുവേണ്ടിമാത്രമാണോ ആ റോഡ് ഉണ്ടാക്കിയത്? കാരണം നടക്കാൻ തുടങ്ങിയിട്ട് അര മണിക്കൂറായെങ്കിലും ഒരു മനുഷ്യക്കുഞ്ഞിനെപ്പോലും കണ്ടില്ല.ഒരു വണ്ടിപോലും അതു വഴിപോയിട്ടില്ല. രാവിലെ മലകയറിയതാണ്.Tourist മാപ്പിൽ ഇടം പിടിക്കാത്ത സ്ഥലം.അതുകൊണ്ട് ടൂറിസ്റ്റുകാരുടെയും forest gurard കളുടെയും ശല്യമില്ലാതെ സ്വസ്ഥമായിട്ട്
വെള്ളമടിക്കാം.അത്രയും ഏകാന്തമായ പ്രദേശം.പക്ഷെ കുടിച്ച് കൂത്താടി തിരിച്ചിറങ്ങുമ്പോൾ കാർ കേടായി.രാത്രി കൊടും കാടിനുനടുവിൽ.പക്ഷെ പേടിയൊന്നും തോന്നിയില്ല.ഉള്ളിലെ മദ്യത്തിന്റെ effect.വണ്ടി അവിടെയിട്ട് നടന്നു.പാട്ടും ബഹളവുമായ് ആർമാദ്ദിച്ച് ചുരമിറങ്ങി..ഇപ്പോഴും ഇറങ്ങുന്നു.
      തലയ്ക്കുമുകളിലൂടെ ചെറുതായിട്ട് മലങ്കാറ്റുവീശുന്നുണ്ട്.അയാൾ പണ്ട് geography പഠിച്ചതോർത്തു.മലമുകളിൽ നിന്നും താഴേക്ക് വീശുന്ന പർവതക്കാറ്റും , തിരിച്ചുള്ള താഴ് വരക്കാറ്റും.രാത്രിയിൽ ഇതിൽ ഏതായിരിക്കും?.അയാൾ ഓർത്തെടുക്കാൻ ശ്രമിച്ചു..ചായ് ..വിട്ടുകള….
അയാൾ ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു.ആ ചെറുകാറ്റിൽ അത് ശരിക്കും പുകഞ്ഞു..കാട്ടിനുള്ളിൽ നിന്നും രാത്രിഞ്ജരന്മാരുടെ ആരവങ്ങൾ കേൾക്കാം.അതൊരു സൂചനയാണ്.ഞങ്ങൾ ഉണർന്നിരിക്കുന്നു.ഇനി ഉറങ്ങാൻ പോകുന്നവരേ..രക്ഷപ്പെടാമെങ്കിൽ രക്ഷപ്പെട്ടോ..
      പ്രഭാതത്തിൽ സൂര്യവെളിച്ചം അരിച്ചിറങ്ങുന്ന പോലെ ബോധം കുറേശ്ശെ തെളിയുന്നത് അയാൾ അറിഞ്ഞു.കാലുകളുടെ ക്രമരാഹിത്യം കുറഞ്ഞുവരുന്നുണ്ട്.നടത്തം ഏകദേശം ഒരു മണിക്കൂർ പിന്നിട്ടു.ഇവിടെ നിന്നും 5 വളവു പുറകിലാണ് കാർ കേടായത്.നാശം പിടിക്കാൻ.അകത്തുകിടക്കുന്ന ലഹരിയിൽ മറ്റൊന്നും ചിന്തിക്കാതെ ഇറങ്ങി നടന്നു.ഇപ്പോൾ ബോധം തെളിയുന്നുണ്ടെങ്കിലും ശരീരം തളരുന്നു..താഴെ താഴ് വാരത്തിൽ ലൈറ്റുകൾ തെളിഞ്ഞിട്ടുണ്ട്.ഇത്ര ഉയരത്തിൽനിന്നുള്ള കാഴ്ച്ച അതിമനോഹരം തന്നെ.ഓരോ വളവിലും പ്രതീക്ഷയായ് അത് തെളിഞ്ഞുവരും , പിന്നെ നിരാശനൽകി അത് മറയും..ഓരോ വളവിലും ആവർത്തിക്കുന്ന കാഴ്ച്ചകൾ.
കൂട്ടുകാരിൽ നിന്നും വിട്ട് തനിയെ നടക്കാനായിരുന്നു അയാൾക്കിഷ്ടം.പക്ഷെ ഇപ്പോൾ ഈ സഞ്ചാരം മടുത്തിരിക്കുന്നു.ഈ കാടിന്റെ ഏകാന്തത തികച്ചും വ്യത്യസ്തമാണ്.അത് ഭീതിയിൽ അതിഷ്ടിതമാണ്.ആ മഹമൗനത്തിൽ അയാൾക്ക് മനം മടുത്തിരിക്കുന്നു.ഇനിയും ബോധം വീണ്ടെടുക്കാത്ത കൂട്ടുകാരുടെ ചേഷ്ടകളിലേക്ക് അയാൾക്ക് ശ്രദ്ധതിരിഞ്ഞു.
“എടാ..നമുക്ക് കുറച്ച് സ്പീടുകൂട്ടാം. ഇല്ലെങ്കിൽ പണിയാ.താഴെ ടൗണിൽ എത്തുമ്പോഴേക്കും പാതിരയാകും.പിന്നെ വണ്ടിയൊന്നും കിട്ടില്ല. “
അയാളുടെ മുന്നറിയിപ്പ് അവർ കേട്ടതായ്പോലും ഭാവിച്ചില്ല.company യിൽ പുതുതായ് വന്ന ഒരു പഞ്ചാബി പെൺകുട്ടിയുടെ ശരീരവർണ്ണന നടക്കുകയാണ്.
കാറ്റിന്റെ ശക്തി കൂടിക്കൂടി വരുന്നു.അതിനൊപ്പം വരുന്ന നേർത്ത പുക അയാൾ ശ്രദ്ധിച്ചു.കൂടെ എന്തോ കരിയുന്ന മണം.തിരിഞ്ഞു നോക്കിയ അയാൾ ആ കാഴ്ച്ച കണ്ട് ഞെട്ടി.
മുകളിൽ , മലയുടെ ശിഖരത്തിൽ , ഒരു പാമ്പിനെ പോലെ ചുറ്റിവളഞ്ഞു കിടക്കുന്നു..അതിനെ ആർത്തിയോടെ വിഴുങ്ങാൻ പാകത്തിൽ..തീ…കാട്ടുതീ….
ഒരു നിമിഷാർദ്ധത്തിൽ നഷ്ടപ്പെട്ട ബോധം വീണ്ടെടുത്ത ശേഷം അയാൾ അലറിവിളിച്ചു…
“ടാ..തീ..കാട്ടുതീ…”
ബഹളത്തിൽ മുങ്ങിയിരുന്ന അവരും ആ കാഴ്ച്ച കണ്ട് സ്തബ്ദ്ധരായി.
“ഇതെങ്ങനെ വന്നു.”
“എങ്ങനെ വരാനാ..നോക്ക് നമ്മൾ തമ്പടിച്ച ഭാഗത്താണ് തീ..ഓർമ്മയില്ലേ..അവിടാണ് നമ്മൾ തീകൂട്ടി കോഴിയെ ചുട്ടത്.തിരിച്ചിറങ്ങുമ്പോൾ അതു കെടുത്തിയില്ല. ഇതതുതന്നെ ”
അത് ശരിവെച്ചതുപോലെ എല്ലാവരും നിശബ്ദരായി.കണ്മുന്നിൽ തീ അതിവേഗം പടരുകയാണ്.
“ഇനി എന്തു ചെയ്യും..”
“പേടിക്കേണ്ട, നമ്മളാണ് ചെയ്തതെന്ന് എന്ത് തെളിവാണുള്ളത്..” ഒരാളുടെ വാദം
“Forest കാരെ അറിയിച്ചാലോ?”
“അത് അപകടമാണ്, അവർക്ക് സംശയം തോന്നും.ഇത് പുറത്തറിയുന്നതിനു മുൻപ് നമുക്ക് താഴെ ടൗണിലെത്തണം.അവിടുന്ന് ഒരു മെക്കാനിക്കിനെ തപ്പിയെടുത്ത് വണ്ടി നന്നാക്കി സ്ഥലം വിടണം.വേറെ വഴിയില്ല.എല്ലാവരും നടത്തത്തിനു speed കൂട്ടിക്കോ..”
ഉള്ളിലെ ലഹരിയുടെ ഹുങ്ക് തീരാൻ ആ കാഴ്ച്ച മതിയായിരുന്നു.എല്ലാവരും ഓടുകയാണോ നടക്കുകയാണോ എന്നറിയാത്ത നിലയിലായി.
ആ കാട്ടുതീ തന്റെ മനസിലേക്കും പടരുന്നതായ് തോന്നി.ആ പാതകം ചെയ്തത് തന്റെ കൈകളിൽ നിന്നായിരുന്നല്ലോ.മദ്യ വീര്യത്തിൽ അന്ധനായിരുന്നു അപ്പോൾ.ചുള്ളിക്കമ്പുകൾ കൂട്ടി തീ കത്തിച്ചപ്പോൾ കാട്ടിൽ നിന്നും ഒന്നു മാറിചെയ്യാൻ പോലും തോന്നിയില്ല.തിരിച്ചുവരുമ്പോൾ അണയ്ക്കാനും ശ്രമിച്ചില്ല.ആ കടുത്തവേനലിൽ അതുമതിയായിരുന്നു ആളികത്താൻ.
ഇപ്പോൾ ഉള്ളിലെ മദ്യം പൂർണ്ണമായും കെട്ടിരിക്കുന്നു.മനസിൽ വിചാരങ്ങളുടെ വേലിയേറ്റം.
      അയാൾ ഓർത്തു.തന്റെ കോളേജ് പഠനകാലഘട്ടം , പ്രകൃതി സ്നേഹം തലയ്ക്ക് പിടിച്ചിരുന്ന സമയം.nature club ന്റെ പ്രധാന volunteer ആയ തന്റെ അന്നത്തെ  റോൾ മോഡൽ club ന്റെ  ചുമതലയുള്ള നസീർ സാർ ആയിരുന്നു.കാടിനെ ജീവനു തുല്യം സ്നേഹിക്കുന്ന, അതിന്റെ മനസിൽ ആവാഹിക്കുന്ന ഒരു അവധൂതൻ.കാടിനെ ചെറുതായ് പോലും നോവിക്കാതിരിക്കാൻ ചെരിപ്പുപോലും അദ്ദേഹം ഉപേക്ഷിച്ചിരുന്നു.ആ ബാച്ചിലെ അവസാനത്തെ Trekking അദ്ദേഹത്തോടൊപ്പമായിരുന്നു, കക്കയം മലനിരകളിൽ.ഒരിക്കലും മറക്കാനാകത്ത കാട്ടനുഭവങ്ങൾ.കാടിന്റ് ഓരോ ചലനങ്ങളും അദ്ദേഹം വിവരിച്ചു തന്നു.ഏതൊക്കെ പക്ഷികളുടെ ശബ്ദങ്ങൾ,ഏതൊക്കെ മരങ്ങൾ, അവയുടെ species.ആയിരം വർഷം പ്രായമുള്ള ഒരു വനവാസിയുടെ അറിവായിരുന്നു അദ്ദേഹത്തിന്.ചിലപ്പോൾ കാടിന്റെ നിഗൂഡതകൾക്കഭിമുഖുമായ് നിന്നു ഒരു മുനിയെപോലെ ധ്യനിച്ചു,യൂക്കാലിപ്റ്റസ് തോട്ടങ്ങളിലും പ്ലാസ്റ്റിക്ക് കൂമ്പാരങ്ങളിലും ഒതുങ്ങുന്ന വനവൽക്കരണ പരിഷ്ക്കാരങ്ങളോട് ഒരു ധിക്കാരിയെ പോലെ കലഹിച്ചു.
“കുട്ടികളേ..ഈ യൂക്കാലി,അക്കേഷ്യാ മരങ്ങൾ വിദേശികളാണ്.അത് വെള്ളവും വളവു കൂടുതൽ വലിച്ചെടുക്കും. അങ്ങനെ മറ്റുചെടികൾ വളരാനാകതെ കാട് നശിക്കും”
യൂക്കാലി തോട്ടത്തിനു ചുറ്റുമുള്ള ഉണങ്ങിയ മരങ്ങൾ കാണിച്ച് അദ്ദേഹം സമർഥിച്ചു.
“കണ്ടോ ,ഇതാണ് നമ്മുടെ സർക്കാരിന്റെ വനവൽക്കരണം.നിങ്ങളെങ്കിലും ഇതു മനസിലാക്കണം.കാടു സംരക്ഷിക്കാനാണ് ശ്രമമെങ്കിൽ നിങ്ങൾ ഒന്നും ചെയ്യണ്ട.കാടിനെ ശല്യപ്പെടുത്താതെ വെറുതെ വിടുക.അത് തനിയെ വളർന്നോളും.വിദേശിമരങ്ങൾ നട്ടുപിടിപ്പിച്ച് അതിന്റെ നശിപ്പിക്കരുത്.Let them grow up"
സാറിന്റെ ഓരോ വാക്കും പുതിയ തിരിച്ചറിവുകളായിരുന്നു.ഒരു പാട് പക്ഷിമൃഗാധികളെ ഞങ്ങൾ കണ്ടു, സാറുള്ളതുകൊണ്ടായിരിക്കാം അവ ഓട്ടും തന്നെ അപരിചിതത്വം കാണിച്ചില്ല,പേടിച്ചോടിയില്ല, അവരെല്ലാം ശാന്തരായിരുന്നു.
അന്നത്തെ  trekking  കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോഴായിരുന്നു ആ സംഭവം നടന്നത്.ദീർഘമായ് നടന്നതിന്റെ ക്ഷീണത്തിലായിരുന്നു എല്ലാവരും.പെട്ടന്ന് ഒരു വലിയ ശബ്ദത്തോടെ ബസ് ആടിയുലഞ്ഞു.എല്ലാവരും അലറിക്കരഞ്ഞു.നിയന്ത്രണം വിട്ട് കുറച്ച് പോയശേഷം എവിടെയോ തട്ടി നിന്നു.എന്താണ് സംഭവിച്ചതെന്നറിയാതെ എല്ലാവരും ചാടിയിറങ്ങി.ബ്രേക്ക് പൊട്ടിയതാണ്.ഭാഗ്യവശാൽ ബസ് റോഡ് സൈഡിലെ പടുകൂറ്റൻ ആൽമരക്കൂട്ടത്തിലേക്ക് കയറിപോയി.അതിന്റെ ശിരസ്സിൽ നിന്നു താഴേക്ക് വളർന്ന ശക്തമായ വേരുകൾ ആ ബസ്സിനെ നിസ്സാരമായ് തടഞ്ഞുനിർത്തിയിരിക്കുന്നു.അതിനപ്പുറം കൊക്കയാണ്.ആ മരം ഇല്ലായിരുന്നെങ്കിൽ ആ അഗാതതയിലേക്ക് വീഴുമായിരുന്നു.ഒരു വലിയ വിപത്തിൽ നിന്നും രക്ഷപ്പെട്ട അമ്പരപ്പിൽ ഞങ്ങൾ സാറിനെ നോക്കി. അദ്ദേഹം സൗമ്യനായ് പറഞ്ഞു.
“കാട് അങ്ങനെയാണ്, സ്നേഹിച്ചാൽ തിരിച്ച് സ്നേഹിക്കും,രക്ഷിക്കും…മറിച്ച് ദ്രോഹിച്ചാലോ..”
         ആ വാചകം തന്റെ മനസിന്റെ ഭൂതകാല അറകളിൽനിന്നും നിരന്തരം മുഴങ്ങുന്നു.അയാൾ പുറകോട്ടുനോക്കി.കാട്ടുതീ ഉഗ്രരൂപം പ്രാപിച്ചിരിക്കുന്നു.അതു കൂടുതൽ വഴികളിലൂടെ പായുകയാണ്.ആയിരം കൈകളാൽ ആ കാടിനെ മെല്ലെ വിഴുങ്ങുന്നു.അവിടുത്തെ പക്ഷികൾ,മൃഗങ്ങൾ എല്ലാം അതിൽ ചാമ്പലാകും.
വർഷങ്ങൾക്കു മുൻപ് കാടിനെ സ്നേഹിച്ച,കാട് മൂലം ജീവൻ തിരുച്ചുകിട്ടിയ ഒരാൾ , അയാളിപ്പോൾ ഒരു കാടിന്റെ നാശത്തിന് കാരണമാകുന്നു.എന്തൊരു വിരോധാഭാസം.കനത്ത കുറ്റബോധത്താൽ അയാൾ കുഴങ്ങി,മനസും ശരീരവും ഒരു പോലെ തളർന്നു.ഇനി ഒരടു മുന്നോട്ടു നടക്കാൻ വയ്യ. മുന്നിൽ കൂട്ടുകാരും മടുത്തിരിക്കുന്നു. വേച്ചു വേച്ചാണ് അവരും നടക്കുന്നത്. കുറച്ചു മുന്നേ പാട്ടു പാടി ആഹ്ലാദത്തോടെ നടന്നവർ ഇപ്പോൾ അപരിചിതരെപോലെ ഒറ്റയ്ക്കൊറ്റയ്ക്ക് നടക്കുന്നു. ഒന്നും വേണ്ടായിരുന്നു എന്ന തോന്നലുണ്ടാകാം എല്ലാവർക്കും . ആ വിപത്തിൽ തങ്ങളുടെ പങ്ക് മറച്ചുവെച്ച് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന മുഖഭാവം. വല്ലാത്തൊരവസ്ഥ. ഒരു വളവുതിരിഞ്ഞപ്പോൾ ഒരു മൈൽ കുറ്റി. എല്ലാവരും പ്രതീക്ഷയോടെ അത് നോക്കി. ടൗൺ 14 Km . " ഇനിയും 14 Km ?! ഈശ്വരാ ഞാനിവിടെ കിടക്കുവാ.എനിക്കിനി നടക്കാൻ വയ്യ. " . കാടിനുള്ളിൽ നിന്നും ശബ്ദങ്ങൾ ഉയരുന്നു. ആയിരം കരിയിലകൾ ഒന്നിച്ചു ഞെരിയുന്ന ശബ്ദം.
" എന്താണത്". ഒരാൾ ചോദിച്ചു
“ഈ മലയ്യ്ക്കപ്പുറത്ത് ഡാമണ്.വേനലിൽ അവിടെ മാത്രമേ വെള്ളം കിട്ടൂ.മൃഗങ്ങളെല്ലാം രാത്രി  മലകടന്ന് ഡാമിലെത്തും.ആനയും,പുലിയും രാജവെമ്പാലയും..”
“രാജവെമ്പാലയോ..! “ പറയുമ്പോൾ ശബ്ദം പതറിയിരുന്നു.
“അവരുടെ സഞ്ചാരപാതയിലാണ് നാമിപ്പോൾ,ഇവിടെ നിൽക്കുന്നത് ആപത്താണ്”.. ശരിയല്ലേ എന്നമട്ടിൽ എല്ലാവരും അയാളെ നോക്കി.പക്ഷെ ഒരു മറുപടിപറയാൻ അയാൾ അശക്തനായിരുന്നു.മനസിൽ മുഴങ്ങുന്നത് നസീർസാറിന്റെ ആ വാക്കുകൾ മാത്രം.
പാതി ജീവനുമായ് അവർ വീണ്ടും ഇറങ്ങുകയാണ്.കുറച്ചുമുന്നേവരെ ശാന്തമായിരുന്ന കാടിന്റെ മാറ്റം അയാൾ ശ്രദ്ധിച്ചു.അവിടെ നിന്നുമുയരുന്ന അസാധാരണ ശബ്ദങ്ങൾ, ഇരുട്ടിൽ നിന്നും ചോരക്കണ്ണുകൾ തങ്ങളെ പിന്തുടരുന്നുണ്ടോ..?..മുന്നിൽ വളഞ്ഞുനീണ്ടുകിടക്കുന്ന ചുരം..ഇരുട്ടുനിറഞ്ഞ കാട്..പിറകിൽ തീ…എവിടെയോ എന്തോ ഒരുങ്ങുന്നുണ്ട്…ആ തണുപ്പിലും അയാൾ വിയർത്തു.
“അതാ ഒരു വണ്ടി..” ഒരാൾ ആർത്തുവിളിച്ചു.
ശരിയാണ് ,മുകളിൽനിന്നും ഒരു ജീപ്പ് വരുന്നുണ്ട്.മൂന്നുമണിക്കൂർ നീണ്ട നടത്തത്തിൽ ആദ്യമായിട്ടാണ് ഒരു വണ്ടി വരുന്നത്. അവസാന പ്രതീക്ഷയാണ്.എല്ലാവരും കൈരണ്ടും പൊക്കി റോഡിനു നടുവിൽ നിന്നു.ജീപ്പിന് നിർത്താതെ വേറെ വഴിയുണ്ടായിരുന്നില്ല.
“അണ്ണാ..ഞങ്ങളെ എങ്ങനെയെങ്കിലും താഴെയെത്തിക്കണം..വണ്ടി കേടായി..ഈ കാട്ടിൽ പെട്ടുപോയി..”കരയുന്ന അവസ്ഥയിലായിരുന്നു അവർ അത് പറഞ്ഞത്.
“ജീപ്പിൽ സാധനങ്ങളാണ്,അകത്ത് സ്ഥലമില്ല..പിറകിൽ തൂങ്ങിനിൽക്കേണ്ടിവരും..”
എന്തിനും റെഡിയായിരുന്നു അവർ.എല്ലാവരും വണ്ടിയുടെ പിറകിൽ പറ്റിപ്പിടിച്ച് നിന്നു.അയാൾ നിന്നത് സൈഡ് ലാമ്പിന്റെ മുകളിൽ.ഒരു കൈത്താങ്ങ് കിട്ടിയതിന്റെ ആശ്വാസം എല്ലാവരിലും ഉണ്ട്.അയാൾക്കൊഴികെ. തന്റെ മനസാക്ഷിയെ മുകളിലിട്ട് കത്തിച്ചാണ് അയാൾ ചുരമിറങ്ങുന്നത്.മനസാക്ഷിയെ വേർപെട്ട് ഒരുജീവിതമുണ്ടോ..അയാൾ സാവധാനം ഒരു നിർവികാരാവ‌ സ്ഥയിലേക്ക് വീണു.
അവരെയും കൊണ്ട് ജീപ്പ് അതിവേഗം ചുരമിറങ്ങുന്നു.അതിനിടയിൽ അയാൾ കണ്ടു.അടുത്തവളവിൽ ഒരു കാട്ടുവള്ളി റോഡിലേക്ക് തൂങ്ങിനിൽക്കുന്നത്.താൻ നിൽക്കുന്ന ദിശയ്ക്ക് അഭിമുഖമായാണ് അത്.തന്റെ വരും നിമിഷങ്ങൾ അയാൾ മുൻകൂട്ടി കണ്ടു.അതിവേഗം ജീപ്പ് വളവിതിരിയുന്നത്..ആ കാട്ടുവള്ളി തന്റെ തലയിൽ കുരുങ്ങുന്നത്..തെറിച്ചുവീണു..പിന്നെ നേരെ താഴേക്ക്..ഇരുട്ടിലേക്ക്…കാട്ടിലലിഞ്ഞ്…
നസീർസാറിന്റെ വാക്കുകൾ ആയാളുടെ മനസിൽ മുഴങ്ങി..
“കാട് അങ്ങനെയാണ്, സ്നേഹിച്ചാൽ തിരിച്ച് സ്നേഹിക്കും,രക്ഷിക്കും…മറിച്ച് ദ്രോഹിച്ചാലോ..
.ജീപ്പ് അതിവേഗം വളവിലേക്ക് പാഞ്ഞടുത്തു.
കാട്ടുവള്ളികൾ അവിടെ ഒരുങ്ങിനിന്നു.
"അത് എന്റെ വിധിയാണ് ,ഒഴിഞ്ഞുമാറാനാകില്ല എനിക്ക്. കാടെന്ന വികാരത്തെ ഞാനിപ്പോൾ തിരിച്ചറിയുന്നു. ആദിയിൽ ഞാൻ പിറന്നുവീണ ആ പഴയ തറവാട്ടു മുറ്റത്തേക്ക് എന്റെ കാട്ടു വഴികൾ അവസാനിക്കുകയാണ്‌."
അയാൾ കണ്ണടച്ചു നിന്നു.

Wednesday, 28 January 2015

ആര്ദ്രം

           
                മഴ… അവളെ എനിക്ക് ഇഷ്ടമല്ലായിരുന്നു .ഈയിടെയായി എന്നും വരാറുണ്ട്.എന്നെ കാണാൻ ,എന്നോട് മിണ്ടാൻ,ഒന്നു പുണരാൻ.അവൾക്ക് എന്നും ഞാൻ പ്രിയപ്പെട്ടവനായിരുന്നു, തിരിച്ചങ്ങനെയല്ലെങ്കിലും.
കണ്ണാടിക്കൂടുപോലുള്ള ഈ ഓഫീസിൽ നിന്നും പുറത്തേക്ക് നോക്കുമ്പോൾ കാണാം. ദൂരെ മലയിടുക്കിലെ ആകാശക്കീ‌റ്.ആദ്യം അവിടെ ആകെ ഒന്നു വിറയ്ക്കും.പിന്നെ കടും നീല ചായം നിറയും.എങ്കിൽ ഉറപ്പിക്കാം. അവൾ വരുന്നുണ്ട്.പിന്നൊരാരവമാണ്.അവൾക്കപ്പോൾ ഒറ്റലക്ഷ്യമേ ഉള്ളൂ..എങനെയെങ്കിലും ഇവിടെ എത്തണം.അതിനായി അവൾ കാറ്റിനെയും മേഘങ്ങളെയും കൂട്ടുപിടിക്കും.യാത്രയിൽ എല്ലാറ്റിനേയും അവൾ പുൽകും , ഒരു പുതുവേശ്യയെപ്പോലെ. .എല്ലാ അഴുക്കുകളെയും ആവാഹിക്കും , ഒരു തോട്ടിയെ പോലെ.അവസാനം ആർത്തലച്ച് ആ ജനൽച്ചില്ലുകളിൽ ആക്രമിക്കും.പക്ഷെ അതിനെ കീഴുപ്പെടുത്താൻ അവൾക്കിതുവരെ കഴിഞ്ഞിട്ടില്ല. തികച്ചും ദുർബലയായി അവൾ അവിടെ അവസാനിക്കുമ്പോൾ സങ്കടം തോന്നാറുണ്ട്.ചില്ലുകളിലൂടെ ഞാൻ അദൃശ്യമായ ചിത്രം വരയ്ക്കുമ്പോൾ അതിനപ്പുറത്ത് എന്റെ വിരലുകൾക്ക് സമാന്തരമായ് അവൾ ഒഴുകി നടക്കും.നേർത്ത്… തുള്ളികളായ്..അങ്ങനെയങ്ങനെ...
എന്റെ കൂട്ടുകാർ അവളെ കാണുമ്പോൾ ജനലരികിൽ എത്താറുണ്ട്.അവളോടൊത്ത് Selfie എടുക്കാറുണ്ട്.ആതെടുത്ത് computer wallpaper ആക്കാറുണ്ട്.പക്ഷെ ഞാൻ അതിനൊന്നും പോകാറില്ല.. അവൾ എനിക്കൊരു ശല്യമായിട്ടാണ് തോന്നറ്.എന്റെ ഏകാന്തതയിൽ കൂടെയെത്തുന്ന ഒരു കുറുമ്പി…ഒരു വഴക്കാളി..
“നീ ഒരു ദയയില്ലാത്തവളാണ്.നീ കാരണം കടലുകൾ പ്രക്ഷു‌ബ്ദമാകുന്നു.നദികൾക്ക് ഭ്രാന്തുപിടിക്കുന്നു.എത്ര പേരെ കാലപുരിക്കയക്കുന്നു. എത്ര കുഞ്ഞുങ്ങൾ അനാഥരാകുന്നു…”
അപ്പോഴേക്കും അവൾ പിണങ്ങും.ആയിരം കൈകളിൽ ആയിരം ചിറകുകളിൽ അവൾ ഓഫീസിനുചുറ്റും താണ്ഡവമാടി വായുവിൽ അലിഞ്ഞ് അപ്രത്യക്ഷയാകും.ഒരു മഹാമൗനം ബാക്കിയാക്കി.
ഇങ്ങനെയൊക്കെയാണെങ്കിലും രാത്രി ജോലികഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ഞാനവളെ ഗൗനിക്കാറില്ല.അപ്പോൾ എന്റെ കുടയ്ക്ക് കീഴെ എന്റെ കൂട്ടുകാരി ഉണ്ടാകും.എന്റെ പാതി ഹൃദയം പേറുന്നവൾ.ഞങ്ങൾ ഒരു കുടക്കീഴിൽ നടന്നുപോകുമ്പോൾ അവൾ ചുറ്റും പാറിനടന്ന് ശല്യമുണ്ടാക്കും.തോളിൽ കൈവച്ച് ഒന്നുകൂടി ചേർന്ന് നടക്കുമ്പോൾ മിന്നലുകൾ പായിച്ച് അവൾ പ്രധിഷേധമറിയിക്കും.ഒടുവിൽ തോറ്റുപിൻവാങ്ങും.എന്നുമുള്ള ഈ പരാക്രമങ്ങളും കീഴടങ്ങലും അവളോടുള്ള ദേഷ്യം കൂട്ടിയതേ ഉള്ളൂ.. ഇടയ്ക്ക് അവളെ കാണാതാകുമ്പൊഴും എനിക്ക് യാതൊരു വിഷമവും ഉണ്ടായില്ല . നമ്മളെ സ്നേഹിക്കുന്നവർക്കല്ലലോ നമ്മൾ സ്നെഹിക്കുന്നവർക്കല്ലേ മനസ്സിൽ സ്ഥാനം .
           ഒരു നേർത്തമഞ്ഞുള്ള രാത്രിയിൽ എപ്പോഴോ  അപ്രത്യക്ഷമായതാണവൾ.പിന്നെ മാസങ്ങൾക്ക് ശേഷം അവൾ ഇന്നാണ് വീണ്ടും വന്നത്.
രാത്രിയിൽ ഓഫീസിൽ നിന്നിറങ്ങുമ്പോൾ മുന്നിൽ വന്നു പെട്ടു.അവൾ നന്നേ മെലിഞ്ഞിരിക്കുന്നു.ആ ഇളം കാറ്റിലും പിടിച്ചുനിൽക്കാൻ അവൾ പാടുപെട്ടു. കാടുകളും മലകളും കുറഞ്ഞതിന്റെയാകാം.
എന്നെ ഒറ്റക്ക് കണ്ട് അവൾ അൽഭുതതോടെ ചോദിച്ചു.
“എവിടെ നിന്റെ കൂട്ടുകരി? “
“എന്റെ കൂടെയില്ല.ഇപ്പോൾ മറ്റൊരു കുടക്കീഴിൽ വേറൊരാളുടെ മറുപാതിയായി..”
എന്റെ മറുപടി അവളിൽ കുറച്ച് ദുഖവും ഒരുപാട് പ്രതീക്ഷകളും ഉണ്ടാക്കി , പിന്നെ വികാരാർദ്രമായ് ചോദിച്ചു.
“ഇനിയെങ്കി‌ലും എന്നെ ഒന്ന് പുണർന്നുകൂടെ..”
എന്നിലെ വികാരം ശൂന്യമായിരുന്നു
“ മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾ മാത്രമേ അസ്ഥിരമായുള്ളൂ..നീ ഇപ്പോഴും എനിക്ക് ശല്യക്കാരി തന്നെ..”
ഞാൻ കുടചൂടി നിർദയം അവളിലൂടെ നടന്നു പോയി..
മഴ..എല്ലാവർക്കും നിന്നെ വേണം..പക്ഷെ ആർക്കും നിന്നെ ഇഷ്ടമല്ല..നീ ഇപ്പോഴും കരയുകയാണോ..പക്ഷെ നിന്റെ കാര്യത്തിൽ മഴത്തുള്ളികളേത് കണ്ണീരേത്

Wednesday, 19 November 2014

തനിയാവർത്തനം

    
       
        കത്തിജ്ജ്വലിക്കുന്ന സൂര്യനുതാഴെ മൺകൂനകൾപോലും തിളച്ചുമറിയുന്നു.വെള്ളം കിട്ടതെ എന്നോചത്ത പശുവിന്റെ ഉണങ്ങിയ മാംസത്തിൽ നീരുതേടുന്ന ഹിംസ്രമൃഗങ്ങൾ.
ദൂരെനിന്നും വരുന്ന രാജപതാകയേന്തിയ കുതിരവണ്ടികൾ,അവയ്ക്കരികിലേക്ക് നാലുപാടുനിന്നും ജനങ്ങൾ കുടവുമായ് ഓടിവരുന്നു.രാജഭടന്മാർ   അവരെയെല്ലാം  ആട്ടിയോടിച്ചു. .ആ വണ്ടിയിൽ നിറയെ കുടിവെള്ളമാണ്.പക്ഷെ അത് ജനങ്ങൾക്കല്ല , കൊട്ടാരത്തിലെ ആവശ്യങ്ങൾക്ക് മാത്രം.എല്ലാറ്റിനും സാക്ഷിയായ് ഒരു മരം മാത്രം ആ വലിയ മൈതാനത്ത് പ്രേതം പോലെ നിൽപ്പുണ്ട്.അംഗരാജ്യം വീണ്ടും ഒരു വലിയ ക്ഷാമത്തെ നേരിടുകയാണ് .ലോമപാദൻ വീണ്ടും വിഷമസന്ധിയിലായി.എത്രയും പെട്ടന്ന് മഴ പെയ്യിക്കണം, ഇനിയും വൈകിയാൽ ജനമിളകും..കസേരതെറിക്കും.പണ്ടത്തെപോലെയല്ല…മുല്ലപ്പൂവിപ്ലവങ്ങളുടെകാലമാണ്.
ഒടുവിൽ  മഴ പെയ്യാൻ വീണ്ടുമൊരു  മഹായാഗം കൂടി നടത്താൻ തീരുമാനിച്ചു .അതിനായി ഋഷ്യശൃംഗനെ തന്നെ വീണ്ടും വരുത്തി. ഒരു വൈശാലിയുടെ ആവശ്യം ഇത്തവണ വേണ്ടി വന്നില്ല.പണ്ടത്തെ പുകിൽ ഓർത്തിട്ടാണോ എന്തോ കേട്ടപ്പോൾ തന്നെ പിതാവ് വിഭാന്ധകൻ അയാളെ പോകാൻ അനുവദിച്ചു...
അവശേഷിക്കുന്ന ഒരേ ഒരു മരച്ചുവട്ടിൽ രാജാവും ജനങ്ങളും ആകാംഷയോടെ നിൽക്കുന്നു.
യാഗം തുടങ്ങി…ഹവിസ്സുകളും നെയ്യും അഗ്നിയിലേക്ക് ഇടതടവില്ലാതെ പോയ്മറഞ്ഞു.മന്ത്രങ്ങളുടെ തരംഗശക്തിയിൽ അഗ്നിയുടെ ചിറകുകൾ കറുത്തു ശക്തിപ്രാപിച്ചു മുകളിലേക്കുയർന്നു.ആകാശം കറുത്തിരുണ്ടു..മേഘങ്ങൾ വികൃതരൂപങ്ങൾ പ്രാപിച്ചു.പക്ഷെ മഴമാത്രം വന്നില്ല.ഹവിസ്സുകൾ വീണ്ടും അഗ്നിക്കിരയായ്..ഒരിരട്ടി..രണ്ടിരട്ടി..പക്ഷെ നിഷ്ഫലം.
ഋഷ്യശൃംഗൻ തോറ്റുപിൻ‌വാങ്ങി. ലോമപാദൻ വീണ്ടും ദുഖിതനായി. ഇനിയെന്തുവഴി…
“വിഷമിക്കേണ്ട രാജൻ..ഞങ്ങൾ സഹായിക്കാം..”..
“നിങ്ങൾ ആരാണ്” രാജാവ് ആരാഞ്ഞു.
“ഞങ്ങൾ ഈ നാട്ടിലെ മുഖ്യ മതമേലധ്യക്ഷന്മാർ..മഴ പെയ്യിക്കാൻ ഹോമം നടത്തിയിട്ട് കാര്യമില്ല രാജൻ, ആവശ്യത്തിന് വെള്ളം മേഘങ്ങൾ സംഭരിച്ചിട്ടുണ്ട് , പക്ഷെ അത് തടഞ്ഞുനിർത്തി മഴപെയ്യിക്കാൻ കുന്നുകൾ വേണം അതിൽ മരങ്ങൾ വേണം..ഇത് രണ്ടും ഇപ്പോൾ നമ്മുടെ നാട്ടിൽ ഇല്ല രാജൻ, മരങ്ങൾ എല്ലാം മുറിച്ചു..കുന്നുകൾ തുരന്നു വിറ്റു മുടിച്ചു..”
“ഇനിയെന്ത് വഴി ..” രാജാവ് അവർക്കുമുന്നിൽ നട്ടെല്ലുമടക്കി നിന്നു.
“ഞങ്ങൾ ആകാശംമുട്ടെ പള്ളികളും അമ്പലങ്ങളും നിർമിക്കും..പള്ളിമിനാരങ്ങളും കുരിശും അമ്പലങ്ങളിലെ കൊടിമരങ്ങളും മഴമേഘങ്ങളെ തടഞ്ഞുനിർത്തും..അങ്ങിനെ നമുക്ക് മഴ കിട്ടും..പക്ഷെ ഒരു നിബന്ധന ഉണ്ട്..” രാജാവ് എന്തിനും തയ്യാറായിരുന്നു
“ഇപ്പോൾ നമ്മൾ നിൽക്കുന്ന ഈ മരം ഞങ്ങൾക്കുവേണം.ഒരുപാട് മരപ്പണികൾ ഉള്ളതാ..സമ്മതമാണോ രാജൻ”
“ആരവിടെ ..ഈ മരം ഇപ്പോൾതന്നെ മുറിച്ച് കഷണങ്ങളാക്കി ഈ പുണ്യാത്മാക്കൾക്ക് കൊടുക്കൂ…”
കേട്ടപാതി കേൾക്കാത്ത പാതി, കോടാലികൾ തിരഞ്ഞു നാലുപാടും ആളുപോയി..മതാന്ധതബാധിച്ച രാജാവും സമൂഹവും ആ പുരോഹിതന്മാർക്ക് സ്തുതി പാടി…
അംഗരാജ്യം വീണ്ടും ഒരു കൊടും ചതിക്ക് സാക്ഷിയായി…

Thursday, 12 December 2013

മഴയാത്ര


            
       
       


   മഴയെ ഏറെ ഇഷ്ടപ്പെടുന്ന..എന്നും മഴആഗ്രഹിക്കുന്ന രണ്ട് സുഹൃത്തുക്കൾ.അവർ ആഗ്രഹിച്ചതുപോലെ തന്നെ ഈ യാത്രയും മഴയിൽ കുതിർന്നതായിരുന്നു.ഇന്നലെ അവസാനിച്ച കോളേജ് ദിനങ്ങൾ….ആ ഓർമ്മകളുടെ അവസാനത്തെ താളുകൾ നിറയ്ക്കാൻ ഈ യാത്ര അനിവാര്യമായിരുന്നു.മഴനൂലുകൾ  ട്രെയിനിന്റെ  അതേ വേഗത്തിൽ സഞ്ചരിച്ച്ആക്രമിച്ചുകൊണ്ടിരിക്കുന്നത്ഒരു വിഹഗ വീക്ഷണത്തിൽ ഹരി മനസിൽ കണ്ടു.ജനൽ ചില്ലുകൾ അടച്ചിട്ടുണ്ട്‌, എങ്കിലും താഴത്തെ ചെറിയ വിടവുകളിലൂടെ മഴത്തുള്ളികൾ അകത്ത്ഒരു കുഞ്ഞുമഴ  സൃഷ്ടിക്കുന്നു . ഈർപ്പം നിറഞ്ഞ  ജനൽ ചില്ലുകൾ .അതൊരു ക്യാൻ-വാസ്പോലെ അവനു തോന്നി.അതിലൂടെ വിരലുകളൊടിച്ച്അവ്യക്ത്ത ചിത്രങ്ങൾ തീർത്തു.

“രാജാരവിവർമ്മ  കൊട്ടാരമതിലിൽ ചിത്രം വരച്ചു പഠിച്ചതായ്കേട്ടിട്ടുണ്ട്‌, അതു പോലെ നീ  ജനൽ ചില്ലിൽ വരച്ചു പഠിക്കാൻ തുടങ്ങിയോ?......” സന്ധ്യയുടെ comment

“ഇതിൽ ചിത്രത്തിനല്ല പ്രാധാന്യം.എന്റെ വിരൽത്തുമ്പുകൾ  അനുഭവിക്കുന്ന  ഒരു നേർത്ത തണുപ്പുണ്ട്‌..അതിൽ ഒരു സുഖം.  ഈർപ്പവും മഴ കാണാൻ ജനലിൽ എത്തിയതാകാം.അതിൽ ഞാൻ നിറമില്ലാത്ത ചായങ്ങൾ കാണുന്നു….”

“തുടങ്ങി അവന്റെ ഒരു സാഹിത്യം.ഞാൻ ഒരു കുസൃതിചോദ്യം ചോദ്യം ചോദിക്കാം.ആനയും ഉറുമ്പും കൂട്ടുകാരായിരുന്നു..ഒരിക്കൽ ആന….”

ബൂം..…ബൂം....അവളുടെ മൊബൈൽഫോൺ വിറയ്ക്കാൻ തുടങ്ങി.അതുകേട്ട് അവന്റെ  മനസിലെ ആനയും ഉറുമ്പും എങ്ങൊട്ടോ ഓടിപ്പോയി.ചെറുചിരിയോടെ അവൾ സംസാരം തുടങ്ങി....വളരെപതുക്കെ....ആകാശ് ആയിരിക്കും.അവളുടെ ഗുഡ്ബി.മുഖത്തെ നാണം അത്വ്യക്തമാക്കുന്നുണ്ട്‌.നിറഞ്ഞ സന്തോഷത്തിലാണവൾ.നാളെയാണു അവളുടെ എൻഗേജ്മെന്റ്.ഏതൊരു പെൺകുട്ടിയും കാത്തിരിക്കുന്ന ദിവസം.പ്രതീക്ഷകളുടെ ഭാരമേറി വിവാഹജീവിതം പുൽകുന്നവർ.അവരിൽ ഒരുമിച്ച്കൈ കോർത്ത്യാത്ര തുടരുന്നവർ എത്ര..?പാതിവഴിയിൽ പിരിഞ്ഞവർ എത്ര..?.വിട്ടുവീഴ്ചയെന്ന മാന്ത്രിക വടിക്ക്കുടുംബബന്ധത്തിലുള്ള സ്ത്ഥാനം ഹരിയുടെ  മനസിൽ ഒരു പ്രബന്ധം പോലെ കേറിവന്നു.മുറിയുന്ന  ദാമ്പത്യത്തെ കുറിച്ച് ആലോചിചുകൊണ്ടിരിക്കെ സന്ധ്യയുടെ  മൊബൈൽ സംസാരവും മുറിഞ്ഞു. ഏതൊരു ട്രെയിൻ യാത്രികരെയും പോലെ അവളെയും റേഞ്ച്ചതിച്ചു. തന്റെ ഇപ്പോഴത്തെ ചിന്തയും സന്ദർഭവും അനുപൂരകമായ്വന്നത്അവനിൽ കൗതുകമുണർത്തി.

“ച്ചെ.. 3Gയും 4Gയും എത്ര വന്നാലും  ട്രയിലിലെ റേഞ്ച് കട്ടിനുമാത്രം ഒരു കുറവുമില്ല…”
അവൾ ദേഷ്യത്തോടെ മൊബൈൽ ബാഗിലിട്ടു.

തിരുവനന്തപുരത്തേക്കൊന്നു വിളിച്ചുചോദിച്ചാലോ….?”
ഹരിയുടെ മീശമാധവൻ ഡയലോഗ്‌.മറുപടിയായി കിട്ടിയത്ഒരു നുള്ളായിരുന്നു.ഇങ്ങനെയുള്ള തമാശകൾക്ക്അവളുടെ കയ്യിൽനിന്നും മുൻപും ഇതുപോലെ കിട്ടിയിട്ടുണ്ട്‌.അതോടെ അവളുടെ ദേഷ്യവും മാറും അവന്റെ ചിരിയും നിൽക്കും.
അവരുടെ കുസൃതികൾ എതിർ ഭാഗത്തിരിക്കുന്ന ഒരു കൊച്ചുകുട്ടിയിൽ കൗതുകമുണർത്തി.അത്നിരതെറ്റിയ പല്ലുകൾ കാട്ടി ചിരിക്കാൻ തുടങ്ങി.സന്ധ്യ അവളോട്കൂട്ടുകൂടാൻ ഒരു ശ്രമം നടത്തി.പക്ഷെ അവളുടെ ഓരോ ചോദ്യത്തിനും ചിരിമാത്രമായിരുന്നു ഉത്തരം.ഹരിയുടെ സന്ധ്യയുടെയും മുഖത്ത്മാറിമാറി നോക്കി അവൾ ചിരി തുടർന്നു. ഒടുവിൽ നാണത്തോടെ അമ്മയുടെ സുരക്ഷിത വലയത്തിൽഒളിച്ചു.

“ആകാശിന്റെ ചിരിയും ഇതു പോലെയാണ്.നിഷ്കളങ്കത നിറഞ്ഞത്‌.നല്ലരസമാണു.എത്ര നേരം സംസാരിച്ചാലും മടുക്കില്ല.എനിക്കിഷടമുള്ള കാര്യങ്ങളേ പറയൂ.എത്ര പെട്ടന്നാണു എന്റെ മനസ്മനസിലാക്കികളഞ്ഞത്‌.”

“കുടുംബ ജീവിതത്തിന്റെ അടിസ്ഥാനം പരസ്പരം മനസിലാക്കലാണല്ലോ.അതിൽ പ്രധാന പങ്ക്ഭാര്യക്ക്തന്നെ.നിനക്കതിനു പറ്റുമെടീ...പൊന്നുപോലെ നോക്ക്അവനെ.”…
അവൾ അവനെ നോക്കി ഒന്നു ചിരിച്ചു.തന്റെ മറുപടി കുറച്ച് റെഡിമെയ്ഡ് ആയോ…

പുറത്തെ മഴ ശമിച്ചു.അവൻ ജനൽ പാളികൾ ഉയർത്തി.പുറത്ത് അത്രയും നേരം കാത്തുനിന്ന കാറ്റ് എല്ലാവരെയും തണുപ്പിച്ച് കടന്നു പോയി.ഹരി പുറം കാഴ്ചകൾക്ക് കണ്ണുകൊടുത്തു.ചുറ്റുമുള്ള തണുപ്പിന്റെ ആവരണത്തിനിടയിലും അകത്ത്  എവിടെയോ ഒരു നീറ്റൽ.തന്റെ ഹൃദയകോശങ്ങൾക്ക് ഭാരം കൂടിവരുന്നുണ്ടോ…അറിയില്ല…

ട്രെയിൻ ഫറോക്ക് സ്റ്റേഷനിൽ എത്തി.അടുത്തത് കോഴിക്കോട്.ബർത്തിൽ വച്ചിരുന്ന ബാഗ് എടുത്ത് അവൾ ഇറങ്ങാൻ റെഡിയായി…

“ഹരി…എല്ലാവരെയും പിരിയുന്നതിൽ എനിക്ക് വിഷമമുണ്ട്.പ്രത്യേകിച്ച് നിന്നെ.ഒരു മുൻജന്മ ബന്ധം പോലെ തോന്നുന്നു നമ്മുടെ relation.പറഞ്ഞാൽ തീരാത്ത കടപ്പാടുണ്ട് നിന്നോട്.നിന്നെ friend ആയി കിട്ടിയതിൽ പിന്നെ ഒറ്റപ്പെടൽ ഞാൻ അറിഞ്ഞിട്ടില്ല. എന്ത് വിഷമം ഉണ്ടെങ്കിലും അതിന്റെ ആയുസ്സ് നിന്നെ കാണും വരെയേ ഉള്ളൂ. എന്റെ lifile ഏറ്റവും വലിയ friendship…ഞാനത് ജീവിതാവസാനം വരെയും തുടരും.നിന്റെ ഭാഷയിൽ പറഞ്ഞാൽ നെഞ്ചത്തൊരു റീത്ത് വീഴുന്ന വരെ…എനിക്കുറപ്പുണ്ടത്..bye…എന്തായലും കല്യാണത്തിന് വരണം. ഞാൻ ഇടയ്ക്ക് വിളിക്കും…”
അവൻ മറുപടി ഒരു ബായിൽ ഒതുക്കി,അവളുടെ മുഖത്തുനോക്കാതെ.

തന്റെ മനസിലെ കനം കൂടി അസഹ്യമായ് വരുന്നതായി അവൻ അറിഞ്ഞു.ഈ തണുപ്പിലും ശരീരം വിയർക്കുന്നുണ്ടോ..കാറ്റിന്റെ മൂളൽ തന്നെ അലോസരപ്പെടുത്തുന്നുണ്ടോ..ഒരു അഗ്നിഗോളം തന്റെ നിയന്ത്രണം ഭേദിച്ച് പുറത്തേക്ക് വരുന്ന പോലെ..വീണ്ടും ഒരു മഴ പെയ്തിരുന്നെങ്കിൽ.
അവൾ ഒരിക്കൽ കൂടി bye പറഞ്ഞ് ഡോറിനടുത്തേക്ക് പോയി.

പുറത്തെ മഴ നനഞ്ഞ പ്ലാറ്റ്ഫോം നോക്കി നിൽക്കുമ്പോഴും അവസാന നിമിഷങ്ങളിലെ മനസാനിധ്യത്തിന് ദൈവത്തോട് മനസിൽ നന്ദി പറഞ്ഞു.പക്ഷെ ഏതൊരു കാര്യത്തിലും വിധി എന്നൊന്നുണ്ടല്ലോ..ഒരു കാര്യം നടക്കരുതേ എന്ന് 90% ആഗ്രഹിച്ചാലും സംഭവിക്കുന്നത് ബാക്കി 10% ന് അനുസരിച്ചായിരിക്കും. ഇവിടെയും അതുതന്നെ സംഭവിച്ചു.ട്രെയിൻ 15 min. ഫറോക്ക് സ്റ്റേഷനിൽ പിടിച്ചിടുമെന്ന മുന്നറിയിപ്പ് വന്നു.അവൻ വിധിയെ പഴിച്ച സമയം.ഒരു വളിച്ച ചിരിയോടെ അവൾ വീണ്ടും അവന്റെ അടുത്ത് വന്നിരുന്നു.
“പ്ലീസ് ..കളിയാക്കരുത്…”

“എല്ലാം ഒരു നിമിത്തമാണു സന്ധ്യേ..അല്ലെങ്കിൽ നമുടെ ഇടയിൽ വീണ്ടും ഒരു 15  min. ഉണ്ടാകുമായിരുന്നില്ല…”
“ഓ..നിർത്ത് നിന്റെ സാഹിത്യം…ഞാൻ ചോദിക്കാം….ഒരാനയും ഉറു‌മ്പും..”

“സാഹിത്യമല്ല സന്ധ്യ..എന്റെ മാത്രം യാഥാർത്ഥ്യം.നീ മുൻമ്പെ പറഞ്ഞ ആ friendshipinte യാഥാർത്യം…എനിക്കെല്ലാം ഓർമ്മയുണ്ട്.മൂന്ന് വർഷങ്ങൾക്ക് മുൻപ്…നമ്മൾ ഒന്നാം വർഷം….കോളേജ് ലൈബ്രറിയുടെ മുന്നിൽ വച്ച് നീ എന്നോട് ചോദിച്ചത്.ആളൊരു പുസ്തക പുഴുവാണല്ലേ എന്ന്.സ്വതവേ നാണക്കാരനായ. പെൺ സുഹൃത്തുക്കൾ ഒരു സ്വപ്നം മാത്രമായിരുന്ന എന്റെ മനസിലേക്കായിരുന്നു ആ ചോദ്യം വന്നുവീണത്. പിന്നീട് നിന്റെ ഓരോ വാക്കുകളും മുത്തുചിതറുന്ന ചിരിയും ഞാൻ സൂക്ഷിച്ചുവെച്ചു.എന്നെ ഞാൻപോലുമറിയാതെ മാറ്റാനുള്ള ശക്തിയുണ്ടായിരുന്നു.പിന്നീട് പരസ്പരം താങ്ങായും തണലായും മാറിയ മൂന്നു വർഷങ്ങൾ.എപ്പോഴൊക്കെയോ നമ്മുടെ സന്തോഷങ്ങളും സങ്കടങ്ങളും commom ആയി മാറി.നീ എന്റെ ഇത്രത്തോളമാണെങ്കിൽ എനിക്കുറപ്പാണ്. എനിക്ക് നിന്നോടുള്ളത് friendship ആയിരുന്നില്ല..മറ്റെന്തോ…അതിനെ love എന്ന ക്ലീഷെയിൽ ഒതുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല…”.
ഒരു നിമിഷത്തെ നിശബ്ദ അനുവദിച്ച് അവൻ തുടർന്നു.
“ഒരു അഗ്നിപർവതം മനസിൽ വെച്ചായിരുന്നു ഞാൻ ഇത്രെയും നേരം നിന്റെയടുത്ത് ഇരുന്നത്.പറയാതിരിക്കാൻ ഞാൻ അവസാനംവരെ പിടിച്ചുനിന്നു.പക്ഷെ…എല്ലാം ഒരു നിമിത്തമായ് തോനുന്നു.അല്ലെങ്കിൽ ഈ ട്രെയിൻ ഇവിടെ പിടിച്ചിടുമായിരുന്നില്ല…ഒരു ഭാരം ഞാൻ ഇറക്കിവെച്ചു.ഇപ്പോൾ എന്റെ മനസ് ശാന്തമാണ്.എനിക്കിനി ധൈര്യമായ് മുന്നോട്ടുപോകാം.
സന്ധ്യയുടെ മനസാനിധ്യം തിരിച്ചുകിട്ടാൻ ഒരു ചൂളം വിളിവേണ്ടിവന്നു.എന്താണ് എനിക്ക് സംഭവിച്ചത്.ഇത്രയും കാലം മുന്നിൽ കണ്ടത് ഒരു നാടകമായിരുന്നോ.താൻ ചതിക്കപ്പെട്ടിരിക്കുന്നോ.

“ഇനി നമ്മൾ തമ്മിൽ കാണരുത്..” ട്രയിനിൽ നിന്നിറങ്ങുമ്പോൾ അവൾക്കുപറയാൻ ഇത്ര മാത്രമേ ഉണ്ടായിരുന്നുള്ളൂ.
 സന്ധ്യയെ ഉപേക്ഷിച്ച് മഴ നനഞ്ഞ പാളത്തിലൂടെ ട്രെയിൻ മുൻപോട്ടുനീങ്ങി.
ഹരിയുടെ മനസിൽ നിറഞ്ഞ ശാന്തി അനുഭവപ്പെട്ടു.അമ്മയുടെ മടിയിലിരുന്ന് ആ കുട്ടി ഇപ്പോഴും ചിരിക്കുന്നു.അതൊന്നും ശ്രദ്ധിക്കാതെ അവൻ വഴിയോരക്കാഴ്ചകളിൽ തന്റെ സാഹിത്യം പരതി.
പ്ലാറ്റ്ഫോമിൽ ആരോക്കെയോ തന്നെ സംശയത്തോടെ നോക്കുന്നപോലെ സന്ധ്യക്ക് തോന്നി….മുമ്പില്ലാത്തവിധം പേടിക്കുന്നു…കിതച്ചോടുമ്പോഴും എങ്ങോട്ടാണെന്ന ബോധം അവൾക്കില്ലായിരുന്നു.ഹരി ഇടയ്ക്കെപ്പോഴോ പറഞ്ഞ വാചകം അതിനിടയിൽ ഓർമ്മ വന്നു.

“ഈ രാത്രിയിൻ നിന്റെ ഓർമ്മകൾ എന്നിൽ കത്തിയെരിയും.ആ ചാരത്തിനോടുപോലും എനിക്ക് പകയുണ്ടാകും.”.