കത്തിജ്ജ്വലിക്കുന്ന സൂര്യനുതാഴെ മൺകൂനകൾപോലും തിളച്ചുമറിയുന്നു.വെള്ളം കിട്ടതെ എന്നോചത്ത പശുവിന്റെ ഉണങ്ങിയ മാംസത്തിൽ നീരുതേടുന്ന ഹിംസ്രമൃഗങ്ങൾ.
ദൂരെനിന്നും വരുന്ന രാജപതാകയേന്തിയ കുതിരവണ്ടികൾ,അവയ്ക്കരികിലേക്ക് നാലുപാടുനിന്നും ജനങ്ങൾ കുടവുമായ് ഓടിവരുന്നു.രാജഭടന്മാർ അവരെയെല്ലാം ആട്ടിയോടിച്ചു. .ആ വണ്ടിയിൽ നിറയെ കുടിവെള്ളമാണ്.പക്ഷെ അത് ജനങ്ങൾക്കല്ല , കൊട്ടാരത്തിലെ ആവശ്യങ്ങൾക്ക് മാത്രം.എല്ലാറ്റിനും സാക്ഷിയായ് ഒരു മരം മാത്രം ആ വലിയ മൈതാനത്ത് പ്രേതം പോലെ നിൽപ്പുണ്ട്.അംഗരാജ്യം വീണ്ടും ഒരു വലിയ ക്ഷാമത്തെ നേരിടുകയാണ് .ലോമപാദൻ വീണ്ടും വിഷമസന്ധിയിലായി.എത്രയും പെട്ടന്ന് മഴ പെയ്യിക്കണം, ഇനിയും വൈകിയാൽ ജനമിളകും..കസേരതെറിക്കും.പണ്ടത്തെപോലെയല്ല…മുല്ലപ്പൂവിപ്ലവങ്ങളുടെകാലമാണ്.
ഒടുവിൽ മഴ പെയ്യാൻ വീണ്ടുമൊരു മഹായാഗം കൂടി നടത്താൻ തീരുമാനിച്ചു .അതിനായി ഋഷ്യശൃംഗനെ തന്നെ വീണ്ടും വരുത്തി. ഒരു വൈശാലിയുടെ ആവശ്യം ഇത്തവണ വേണ്ടി വന്നില്ല.പണ്ടത്തെ പുകിൽ ഓർത്തിട്ടാണോ എന്തോ കേട്ടപ്പോൾ തന്നെ പിതാവ് വിഭാന്ധകൻ അയാളെ പോകാൻ അനുവദിച്ചു...
അവശേഷിക്കുന്ന ഒരേ ഒരു മരച്ചുവട്ടിൽ രാജാവും ജനങ്ങളും ആകാംഷയോടെ നിൽക്കുന്നു.
യാഗം തുടങ്ങി…ഹവിസ്സുകളും നെയ്യും അഗ്നിയിലേക്ക് ഇടതടവില്ലാതെ പോയ്മറഞ്ഞു.മന്ത്രങ്ങളുടെ തരംഗശക്തിയിൽ അഗ്നിയുടെ ചിറകുകൾ കറുത്തു ശക്തിപ്രാപിച്ചു മുകളിലേക്കുയർന്നു.ആകാശം കറുത്തിരുണ്ടു..മേഘങ്ങൾ വികൃതരൂപങ്ങൾ പ്രാപിച്ചു.പക്ഷെ മഴമാത്രം വന്നില്ല.ഹവിസ്സുകൾ വീണ്ടും അഗ്നിക്കിരയായ്..ഒരിരട്ടി..രണ്ടിരട്ടി..പക്ഷെ നിഷ്ഫലം.
ഋഷ്യശൃംഗൻ തോറ്റുപിൻവാങ്ങി. ലോമപാദൻ വീണ്ടും ദുഖിതനായി. ഇനിയെന്തുവഴി…
“വിഷമിക്കേണ്ട രാജൻ..ഞങ്ങൾ സഹായിക്കാം..”..
“നിങ്ങൾ ആരാണ്” രാജാവ് ആരാഞ്ഞു.
“ഞങ്ങൾ ഈ നാട്ടിലെ മുഖ്യ മതമേലധ്യക്ഷന്മാർ..മഴ പെയ്യിക്കാൻ ഹോമം നടത്തിയിട്ട് കാര്യമില്ല രാജൻ, ആവശ്യത്തിന് വെള്ളം മേഘങ്ങൾ സംഭരിച്ചിട്ടുണ്ട് , പക്ഷെ അത് തടഞ്ഞുനിർത്തി മഴപെയ്യിക്കാൻ കുന്നുകൾ വേണം അതിൽ മരങ്ങൾ വേണം..ഇത് രണ്ടും ഇപ്പോൾ നമ്മുടെ നാട്ടിൽ ഇല്ല രാജൻ, മരങ്ങൾ എല്ലാം മുറിച്ചു..കുന്നുകൾ തുരന്നു വിറ്റു മുടിച്ചു..”
“ഇനിയെന്ത് വഴി ..” രാജാവ് അവർക്കുമുന്നിൽ നട്ടെല്ലുമടക്കി നിന്നു.
“ഞങ്ങൾ ആകാശംമുട്ടെ പള്ളികളും അമ്പലങ്ങളും നിർമിക്കും..പള്ളിമിനാരങ്ങളും കുരിശും അമ്പലങ്ങളിലെ കൊടിമരങ്ങളും മഴമേഘങ്ങളെ തടഞ്ഞുനിർത്തും..അങ്ങിനെ നമുക്ക് മഴ കിട്ടും..പക്ഷെ ഒരു നിബന്ധന ഉണ്ട്..” രാജാവ് എന്തിനും തയ്യാറായിരുന്നു
“ഇപ്പോൾ നമ്മൾ നിൽക്കുന്ന ഈ മരം ഞങ്ങൾക്കുവേണം.ഒരുപാട് മരപ്പണികൾ ഉള്ളതാ..സമ്മതമാണോ രാജൻ”
“ആരവിടെ ..ഈ മരം ഇപ്പോൾതന്നെ മുറിച്ച് കഷണങ്ങളാക്കി ഈ പുണ്യാത്മാക്കൾക്ക് കൊടുക്കൂ…”
കേട്ടപാതി കേൾക്കാത്ത പാതി, കോടാലികൾ തിരഞ്ഞു നാലുപാടും ആളുപോയി..മതാന്ധതബാധിച്ച രാജാവും സമൂഹവും ആ പുരോഹിതന്മാർക്ക് സ്തുതി പാടി…
അംഗരാജ്യം വീണ്ടും ഒരു കൊടും ചതിക്ക് സാക്ഷിയായി…
Wednesday, 19 November 2014
തനിയാവർത്തനം
Subscribe to:
Posts (Atom)