Tuesday 10 September 2013

സൈറൺ

  രു തൊടിയ്ക്കപ്പുറത്തെ റോഡിലൂടെ ആംബുലൻസിന്റെ സൈറൺ ഒരു അർദ്ധവൃത്താകൃതിയിൽ കടന്നുപോകുന്നത് അയാൾ അറിഞ്ഞു. പതിമുന്ന് ...അയാൾ മനസിൽ കുറിച്ചിട്ടു.ഇനി അടുത്ത നിലവിളിയ്ക്കായുള്ള കാത്തിരുപ്പ്.ഒരു പക്ഷെ ഈ കാത്തിരിപ്പായിരിക്കാം അയാളുടെ ജീവൻ തന്നെ നിലനിർത്തുന്നത്.എല്ലാ സൈറണുകളും ഒറ്റ ആംബുലൻസിൽ നിന്നാണെന്ന് ഇത്രയും കാലത്തിനിടയിൽ നിന്ന് അയാൾ മനസിലാക്കിയിരുന്നു.ഒരേയൊരു ആംബുലൻസ്മാത്രമുള്ള ഈ ലോകം..? എത്ര വിചിത്രമായിരിക്കുന്നു.അതിനു ജീവനുണ്ടായിരുന്നെങ്കിൽ!?.എല്ലാ ശവശരീരങ്ങളെയും ഉറ്റവരുടെ രോദനങ്ങളെയും ഒറ്റയ്ക്ക്ഉൾക്കൊളേണ്ട അവസ്ഥ .ആ ഏകാന്തത എത്ര ഭീകരമായിരിക്കും..!.രാത്രി വൈകുന്നതു വരെ അയാൾ ഇങ്ങനെ ചിന്തിച്ചു കൊണ്ടിരുന്നു.പിന്നീട്സൈറൺ മുഴങ്ങിയത് സ്വപ്നങ്ങളിലായിരുന്നു.
പിറ്റേന്ന് അയാൾ ആ വിളി കേട്ടില്ല.മണിക്കൂറുകൾ കാതോർത്തിരുന്നു.ഓരോ വണ്ടിയുടെ ശബ്ദത്തിലും ഒരു പിൻ വിളി പ്രതീക്ഷിച്ചു.പക്ഷെ കേട്ടില്ല .ഒരേയൊരു കാത്തിരിപ്പും നിന്നുപോയ അയാൾക്ക് ജീവിതം വ്യർത്ഥമായ്തോന്നി.മനസ്അസ്വസ്ഥമായി.അസുഖം കൂടി.ഡോക്ടർമ്മാരുടെ വരവുകൾ അയാൾക്ക്  വെറും നിഴലാട്ടങ്ങൾ മാത്രമായി...
എപ്പോഴൊതുടങ്ങിയ ഉറക്കത്തിന്റെ പാതി വഴിയിൽ അയാൾ ആ സൈറൺ മുഴക്കം വീണ്ടും കേട്ടു.സുഖമുള്ളൊരു വൈദ്യുതാഘാതം അയാളെ വീണ്ടും ഊർജ്ജ്വസ്വലനാക്കി.കാതുകൾ സാക്ഷി നിൽക്കെ ശബ്ദം കൂടുതൽ കൂടുതൽ ആവൃത്തി പ്രാപിച്ചു വീട്ടുമുറ്റത്തു  വന്നുനിന്നു.
വളവുകൾ കുറഞ്ഞപാതയിലൂടെ അയാളെയും കൊണ്ട് ആംബുലൻസ്  നിലവിളിച്ച് പാഞ്ഞു.പാതി വഴിയിലെങ്ങൊ അതും നിന്നു....

Monday 2 September 2013

ഇന്നത്തെ അഥിതി



          
                    
        ന്ത്രണ്ടാം ലൈൻ ഇരുപത്തിമൂന്നാം ക്രോസ്‌റോഡ് ക്ലൗഡ് 7 ഹോട്ടലിലെ   റൂം നമ്പർ 143, വേറോരുതരത്തി‌ൽ പറഞ്ഞാൽ ഞങ്ങളുടെ സകലവൃത്തികേടുകളുടെയും തിരക്കഥകൾ രൂപമെടുത്ത ആ ഗുഹയിലേക്കുള്ള ഇന്നത്തെ എന്റെ യാത്ര പതിവിലും നിരുത്സാഹം നിറഞ്ഞതായിരുന്നു. ദിവസങ്ങളായ് പിന്തുടരുന്ന പശ്ചാത്താപം എന്ന ക്ലീഷേയുടെ വേരുകൾ എപ്പോഴും ചെന്നെത്തുന്നത് എനിക്ക്ചുറ്റും നിറഞ്ഞുനിൽക്കുന്ന ഡ‌ൽഹിയിലെ സമരമുഖങ്ങളുടെ നിലയ്ക്കാത്ത ഇരമ്പലുകളിൽ. അതവിടെ അധികാരകേന്ദ്രങ്ങളെ വിറപ്പിക്കുന്നു. ഇവിടെ എന്റെ മനസാക്ഷിയെയും.
”എന്തുകോണ്ട് സ്ത്രീപീഢനങ്ങൾ കൂടിവരുന്നു..?”,“യുവ തലമുറ വഴിതെറ്റിപോകുന്നു”, “പിഞ്ചുകുഞ്ഞുങ്ങളെപ്പോലും വെറുതെവിടാത്ത കാമവെറി” കൊണ്ടുപിടിച്ച മാധ്യമചർച്ചകൾ ഓർക്കുമ്പോൾ ചിരിവരും. പണ്ടൊന്നും സ്ത്രീപീഢനങ്ങൾ ഇല്ലായിരുന്നോ..? ഈ മാന്യനായ റിട്ട.ക്യാപ്റ്റൻ (ഞാൻ) തന്നെ എത്ര തവണ…അതും പ്രായഭേദമന്യേ…എണ്ണമെടുത്താൽ വാരിക്കൂട്ടിയ സർവീസ്‌മെഡലുകളെക്കാളും ഒരുപിടിമുന്നിൽ നിൽക്കും, മാനം യാചിച്ച്നിൽക്കുന്ന അവളുടെ രോദനങ്ങൾ. വർഷങ്ങൾക്കുശേഷം അവ എന്നെത്തേടി വന്നിരിക്കുന്നു.പല ദിക്കുകളിൽനിന്ന്. ഒരുനാൾഎല്ലാം ഒന്നിച്ച്ചേർന്ന് ഒരു തീപന്തമായ് എന്നെ വിഴുങ്ങും.

റൂമിലെ കോണിങ്ബെൽ ഒരിക്കൽകൂടി എനിക്കുവേണ്ടി ഒച്ചവെച്ചു. അലെക്സ് വാതിൽ തുറന്നു.
“ആഹാ..! വൈകിയെത്തുന്ന വസന്തം ഇന്ന് നേരത്തെയാണല്ലോ..?..”
മേശപ്പുറത്ത് എന്നെ കാത്ത്നിന്ന മൈ ഫേവറിറ്റ് മിലിട്ടറി ഓൾഡ് മോങ്ക് ഒറ്റവലിക്ക് തീർത്ത്കൊണ്ട് ഞാൻ..”വൈകിവന്ന വസന്തത്തിന്റെ ഇടിമുഴക്കം”
എവിടെനിന്നോ പതുങ്ങിയ ചിരികളുയർന്നു.

മുറിയിൽ എന്റെ ആത്മാർത്ഥ സുഹൃത്തുക്കൾ.മേജർ അലെക്സ് , ക്യാപ്റ്റൻ നാഥ് , പിന്നെ..! ഇതേതാ ഒരു പുതിയ പാഴ്ജന്മം..?
“വെൽ മീറ്റ് മിസ്റ്റർ കേണൽ പി.എം നായർ , മദ്രാസ് റെജിമെന്റ്. ഇവിടെ കാലുകത്തിയിട്ട് ഒരാഴ്ച്ചയായി. മിസ്റ്റർ.നായർ, ഇത് ക്യാപ്റ്റൻ….”
“അറിയാം..ഒരുപാടുകേട്ടിട്ടുണ്ട്..ജയ്പ്പൂർ റെജിമെന്റിന്റെ തിങ്ക്ടാങ്ക്. ഇന്ത്യൻ സേനയുടെ അഭിമാനം..”
അതെ പ്രത്യേകിച്ച് ഇന്ത്യൻ സ്ത്രീകളുടെ മാനം..എന്റെ മനസിൽ ചിരിവന്നു.എത്തിയിട്ട് ഒരാഴ്ച്ചയുക്കുള്ളിൽ ഈ ക്രിമിനൽസംഘത്തിൽ തന്നെച്ചെന്ന് ചാടിയ കേണൽ നായരേ….തന്റെ കാര്യം പോക്കാ…ഞൻ അടുത്ത പെഗ്ഗിനുള്ള പണിതുടങ്ങി.
“Well my new friends..” നായരുടെ ചുരുട്ടിൽനിന്നും ഒരു കനത്തപുകയുയർന്നു.ഫാനിന്റെ നാലുചിറകുകൾ അത് വീതിച്ചെടുത്തു.
“എനിക്കീ സഘത്തെ ഇഷ്ടപ്പെട്ടു..ഈ താവളത്തെയും..retirement life enjoy ചെയ്യാൻ പറ്റിയ സ്ഥലം.i am xtremely happy about it…So ഇന്നേക്ക് ഒരാഴ്ച്ചത്തെ മൊത്തം ചിലവ് എന്റെ വക…”
“Great mr.Nair ..ഇതാ നായർക്ക് എന്റെ വക ഒരു ഫുൾ സെല്യൂട്ട്..” ക്യപ്റ്റൻ നാഥിന്റെ ഷോ…
നായരുടെ പ്രഖ്യാപനത്തെ അലെക്സ് കൈയ്യടിച്ച് പാസാക്കി. ഞാനും അടിച്ചു.സഹതാപത്തോടെ.
“Do whatever u want” ആയിരത്തിന്റെ 5 നോട്ടുകൾ നായരുടെ പോക്കറ്റിൽനിന്ന് ആകാശത്തേക്ക് പറന്നു.മാന്യനായ നാഥ് അതെല്ലാം പെറുക്കിയെടുത്ത് പുറത്തേക്ക്പോയി. കൂടെ കുറെ പുകയും.
രണ്ടാമത്തെ പെഗ്ഗ് ഒഴിച്ചനിലയിൽത്തന്നെ എന്റെ വിരലുകൾക്കിടയിൽ നിശ്ചലമായ്കിടപ്പുണ്ട്.സാധാരണ ഈ സമയത്തിനുള്ളിൽത്തന്നെ 6 എണ്ണമെങ്കിലും തീർത്ത് wheel ആകാറുള്ള ഞാനാണിപ്പോൾ ഇങ്ങനെ. മദ്യത്തിനും നൽകാനാകാത്ത മനശ്ശാന്തി കിട്ടുന്നത് മരണത്തിൽനിന്നും മാത്രമാണ്.
ഫ്ലൂറസെന്റ് ട്യൂബിന്റെ ഇരു ധ്രുവ്വങ്ങളെയും കറുപ്പ്ബാധിച്ചുതുടങ്ങിയിരിക്കുന്നു. പുതിയ അംഗത്തിന്റെ വരവ് മുറിയിലെ വെളിച്ചം കുറച്ചപോലെ.കുറഞ്ഞ് കുറഞ്ഞ് ഒരുനാൾ ഇവിടെ മൊത്തം ഇരുട്ടുനിറയും.അന്നുഞാൻ ആരുമറിയാതെ ഇവിടെനിന്നും രക്ഷപ്പെടും.
കസേരകൾ ഉപേക്ഷിച്ച് നായരും അലെക്സും നിലത്തിരുന്ന് കടല കൊറിക്കാൻതുടങ്ങി.സ്വതന്ത്രമായ തൊലികൾ കാറ്റേൽകാത്ത മൂലകളിലേക്ക് ഓടിമറഞ്ഞു.കുതിരകളെ ഓർത്തുപോയി.
നായർ ഒന്നുനൂർന്നിരുന്നു.
“Do u know my friends, ഞാൻ ഈ നാട്ടിലേക്ക് ചേക്കേറാൻ ഒരു കാരണമുണ്ട്.എന്റെ മകൾക്ക് ഒരു മറ്റേടത്തെ പ്രേമം…അതും ഒരു മഞ്ഞജാതിക്കാരനുമായിട്ട്.” ഒരു സിപ്പെടുത്ത് നായർ തുടർന്നു.
“ U know I am from royal cast. എന്റെ കൊക്കിനുജീവനുണ്ടെങ്കിൽ ഞാനതിന് സമ്മതിക്കില്ല.പക്ഷെ ഞാൻ അത് കണ്ട്പിടിച്ചത് അവൾ അറിഞ്ഞിട്ടില്ല.അതുകൊണ്ട് തന്ത്രപൂർവ്വം ഇങ്ങോട്ട് താമസം മാറ്റി.ഒരു ഒളിച്ചോട്ടവും അതുകഴിഞ്ഞ് ഒരു കൊലപാതകവും ഒഴിവാക്കാൻ……………..
 അവൾ ഒരു പണിതന്നു.തിരിച്ചോരുപണി എന്റെ വകയും.”
അയാളുടെ കൗശലം നിറഞ്ഞ മുഖത്തേക്ക് ഞാൻ വെറുപ്പിന്റെ ദൃഷ്ടികൾ പായിച്ചു.
“Great trick nair..നിങ്ങൾ ഒരു ആഢ്യനായ സോൾജ്യർ തന്നെ.പ്രേമം പോലും…new generation blunders..വിട്ടുകൊടുക്കരുത് “  അലെക്സിന്റെ വീര്യംകൂടിയ സപ്പോർട്ട്.

“ആയ കാലത്ത് ഒരു നായർ പണച്ചാക്കിനെ പ്രേമിച്ച് ഒളിച്ചോടി മതംമാറ്റി കല്യാണം കഴിച്ചതും ഈ പറഞ്ഞ new generation blunder ആയിരിക്കും അല്ലേ അലെക്സ്..” ചോദിക്കണമെന്നുണ്ടായിരുന്നു.പക്ഷെ ചെയ്തില്ല.

ഏഴാമത്തെ പെഗ്ഗും യാന്ത്രികമായ് അകത്താക്കിയ നായരുടെ കണ്ണുകൾ പക്ഷെ മിന്നിപ്പോടിയുന്നത് ഞാൻ ശ്രദ്ധിച്ചു.
“But അവൾ എന്നോട് ആ റിലേഷന്റെ കാര്യം പറഞ്ഞിരുന്നേങ്കിൽ ഞാൻ വിഷമിച്ചേനെ…അവളുടെ ഒരാഗ്രഹത്തിനും ഞാൻ എതിരുനിന്നിട്ടില്ല.അത്രയ്ക്ക് സ്നേഹിച്ചതാണ് ഞാൻ എന്റെ മകളെ. എന്നിട്ടും അവളെന്നെ മനസിലാക്കിയില്ല.”
നായരിലെ അച്ഛൻ കരയുന്നത് ഞാനറിഞ്ഞു.ആ കണ്ണുനീർ വീണ് എന്നിലെ അയാളുടെ ചിത്രം വികലമായി. അന്ധമായ സ്നേഹം എന്നും എത്തിച്ചേരുന്നത് വേദനകളിലായിരിക്കും.
“മയക്കിയെടുത്തതാണ് ആ scounter അവളെ…അവൾ ഇവിടെയും വന്ന് ഉപദ്രവിച്ചാൽ പിന്നെ ഇത് കണ്ടോ..?”
നായരുടെ അരയിൽനിന്നും ഒരു റിവോൾവർ പുറത്തുവന്നു.ആ കറുത്തരൂപത്തിന് ജീവനുള്ളത്പോലെ.ഞാൻ കണ്ണടച്ചു.
“Just finish him. .we are soldiers, നമ്മൾ ആരെയും പേടിക്കേണ്ട.എന്തിനും ഞങ്ങളുണ്ട് കൂടെ ” എരിതീയിൽ അലെക്സിന്റെ വക കള്ള്.മുറിയിലെ പുകയ്ക്ക് തീപിടിക്കുന്നതായ് തോന്നി, ആ ചൂടിൽ ഈ ഗുഹയിലെ ദൈവങ്ങൾ എരിയുന്നു.
നാഥ് ധൃതിപ്പെട്ട് വാതിൽതുറന്നുവന്നു.കൈയ്യിൽ പൊതി , പൊതിക്കുള്ളിൽ ഞങ്ങളുടെ അബോധം.
“Let me have one announcement. ഞാൻ പറയുന്നതുപോലെ കേൾക്കാമോ.എങ്കിൽ we will get a wonderful bed in this night..എന്തുപറയുന്നു..?”
“Ready but എങ്ങനെ..”
“3rd floor room no:83 , ഒരാണും പെണ്ണും.കമിതാക്കൾ , കണ്ടാലറിയാം…നമുക്ക് പോലീസ്ഓഫീസറ്ർസ് ആയി അഭിനയിക്കാം..?.”
“Agree. .ready for operation room no:83”
 “അത് വേണോ..അവൾ ഒരു പ്രോസ്റ്റിറ്റ്യൂഡ് ആയിരിക്കില്ല. ഓരു പാവം…”
എന്നെ പറയാൻ മുഴുമിച്ചില്ല.
“ലോകത്തിലെ എല്ലാ പെണ്ണുങ്ങളും പ്രോസ്റ്റിറ്റ്യൂഡ്സ് ആണ്.ശരീരംകൊണ്ടല്ലെങ്കിൽ മനസുകൊണ്ട്. ഒരേ സമയം ഒരുപാടുപേരുടെ ഗന്ധങ്ങൾ അവളിലുണ്ടാകും.” നാഥിന്റെ വിശദീകരണം
“ക്യാപ്റ്റ്ൻ , ഇത് നമ്മുടെ ഗ്രൂപ്പിന്റെ തീരുമാനമാണ്. U should come”
പേനയും കടലാസും എടുത്ത് അലെക്സ് റെഡിയായി.
ഞാൻ നിസ്സഹായനായി.എത്രയെത്ര കൊള്ളരുതായ്മകൾ ഞങ്ങൾ ഒരുമിച്ച് ചെയ്തു.ഇതിൽമാത്രം പുണ്യവാളനായിട്ട് യാതൊരുകാര്യവുമില്ല.എനിക്കുള്ള വിധി ആദ്യമേ എവിടെയോ ഒളിച്ചിരിപ്പുണ്ട്.
“നിങ്ങൾ മൂന്നുപേരും പോകൂ,ഞാനിവിടെ ഇരിക്കാം.അവളുമാരുടെ ഒരു പ്രേമം.പോയി പൊളിച്ചടുക്ക് ക്യാപ്റ്റൻ. But ഞാനിവിടെ ഉള്ളകാര്യം മറക്കരുത്.” ഒരു കള്ളച്ചിരിയോടെ നായരുടെ പിന്തുണ. മകളോടുള്ള ദേഷ്യം ആ പാവം പെണ്ണിനോട്.
“നായർ…നിങ്ങൾ റെഡിയായിരുന്നോ.We will call u man” അലെക്സ് ഒരു കുപ്പിയുടെ കഴുത്തുപിടിച്ച് നായരുടെ മുന്നിൽ വെച്ചുകൊടുത്തു.അതൊരു പ്രതീകംപോലെ തോന്നി.

സമയം 12.30.വരാന്ത വിജനമായിരുന്നു.പണികഴിഞ്ഞ് ക്ഷീണിച്ച കൊല്ലത്തിയെപോലെ തളർന്നുറങ്ങുന്ന നഗരം.എന്റെ മനസുമാത്രം പ്രക്ഷുബ്ദം.
ഗോവണികയറി മൂന്നുവാതിലുകൾക്കപ്പുറം ഞങ്ങളെത്തി. അലെക്സിന്റെ വിരലുകൾ കോളിങ്ബെല്ലിൽ പതിഞ്ഞു.ഉള്ളിൽനിന്നും പരിഭ്രമത്തിന്റെ നേരിയ ശബ്ദങ്ങൾ കേട്ടു.ഒരു മെലിഞ്ഞ ചെറുപ്പക്കാരൻ വാതിൽതുറന്നു.
“ഉം ..ആരാണ്..?”അവന്റെ മുഖത്തെ ഭയത്തിന് തടയിടാൻ ആ വാക്കുകൾക്ക് കരുത്തുണ്ടായിരുന്നില്ല.
“നിന്റെ പേരെന്താ കൊച്ചനേ..” അലെക്സ് മീശചുരുട്ടി ഗൗരവത്തിൽ മുറിയിലേക്ക്നോക്കി.
അകത്തുനിന്നും ഒരുപെൺഗന്ധം ഞാനറിഞ്ഞു.
“നിങ്ങൾക്ക് എന്താവേണ്ടത്..?” അവന്റെ ശബ്ദം ഇടറുന്നു.
“ടാ ചെറുക്കാ..അധികം ഒണ്ടാക്കല്ലേ.ഇവിടെ Immoral പരിപാടി നടക്കുന്നുണ്ടെന്ന് clear information കിട്ടിയിട്ടാ ഞങ്ങളിവിടെ വന്നത്..കിണിക്കാതെ  പേരുപറയെടാ…”നാഥിന്റെ മുഷ്ടി ചുമരിൽ പതിഞ്ഞു.
മുറിയുടെ മൂലയിലേക്ക് ഒരു സ്ത്രീരൂപം മറഞ്ഞു.
"സർ..ഇവളെന്റെ ഭാര്യയാകേണ്ടവളാണ്. വേശ്യയല്ല” അവന്റെ വിറയ്ക്കുന്ന ഉടലിൽ നിന്നും ഉറച്ചശബ്ദം.
“പ്പ..നായേ…പോലീസുകാരോട് കള്ളം പറയുന്നോ….സാർ രണ്ടു പൊട്ടിക്കട്ടെ?..എന്നാലേ ഇവനൊക്കെ സത്യം പറയൂ…പഠിച്ച കള്ളനാ..”
“അതിന്റെ ആവശ്യമുണ്ടാകില്ല പി.സി…. മോനേ…നീ പറയുന്നത് ഞങ്ങൾ വിശ്വസിച്ചു…ഒരു കാര്യം ചെയ്യ്. രണ്ടെണ്ണത്തിന്റെയും അഡ്രെസ്സ് പറ…ഞങ്ങൾ വീട്ടിൽ അറിയിക്കാം….എന്തു പറയുന്നു…?”
 “സർ..ഇത് ഞങ്ങളുടെ വീട്ടിലറിഞ്ഞാൽ അവർ ഞങ്ങളെ വച്ചേക്കില്ല… കൊന്നു കളയും….ഒരു ജീവിതം കൊതിച്ച് എത്തിയതാണ് സാർ ഇവിടെ…. ഞങ്ങളെ രക്ഷിക്കണം സാർ…” നിസ്സഹായതയുടെ പരകോടിയിൽ അവൻ ഞങ്ങളുടെ മുന്നിൽ നിന്ന് പോട്ടിക്കരഞ്ഞു.
ആ പാവം ഞങ്ങളുടെ ട്രാപ്പിൽ പൂർണ്ണമായ് വീണു.അലെക്സ് എന്റെ നേരെ വിജയചിഹ്നം കാണിച്ചു.ഞാൻ മുഖം തിരിച്ചു.
“മോനിങ്ങ് വന്നേ…” നാഥ് അവന്റെ തോളിൽ കൈയ്യമർത്തി പുറത്തേക്ക് കൊണ്ടുപോയി.
“ഞങ്ങൾ വിചാരിച്ചാൽ നിങ്ങളെ രണ്ടെണ്ണത്തിനെയും Immoral traffic charge ചെയ്ത് പിടിച്ചകത്തിടാൻ നിഷ്പ്രയാസം സാധിക്കും.അങ്ങനെ വന്നാൽ നിന്റെയൊക്കെ ഗതിയെന്താകുമെന്ന് ഞാൻ പറയേണ്ടല്ലോ?… so ഇപ്പോ‌ൾ നീയോന്നു കണ്ണടച്ചാൽ ഞങ്ങ‌ൾ നിന്റെ കൂടെ നിൽക്കാം..യാതൊരു കേസും ഉണ്ടാകില്ല…വീട്ടുകാരും അറിയില്ല…ഇനിയുള്ള ജീവിതം മുഴുവൻ നിനക്ക് അവളുടെ കൂടെ ജീവിക്കാം..ആരും തടയാൻ വരില്ല… OK?...”
എതിർക്കാൻ ശക്തിയില്ലാതെ ആ ശരീരം വരാന്തയുടെ അറ്റം നോക്കിനിന്നു.
പുറത്ത് വന്ന എന്റെ പിറകിൽ മുറിയുടെ വാതിലടഞ്ഞു.അകത്ത് ആ പെൺകുട്ടിയും അലെക്സും മാത്രം.
മുറിക്കകത്ത് നിന്ന് പ്രതീക്ഷിത ശബ്ദങ്ങളുയർന്നു. ഗ്ലാസുകൾ വീണുടയുന്നു.കസേരകൾ തട്ടിമറയുന്നു. പാതിമുറിഞ്ഞ തേങ്ങലുകൾ എന്റെ  ചെവിട്ടിൽ നിലവിളികളായ് മാറുന്നു.

ഒരു പാവം പെൺകുട്ടിയുടെ ചാരിത്രത്തിന്റെ അന്ത്യം.ഇഷ്ടപ്പെട്ട ആളോടൊപ്പം ജീവിതം സ്വപ്നം കണ്ടിറങ്ങിയവൾ…അവന്റെ നെഞ്ചിലെ ചൂടേറ്റ് ഉറങ്ങാൻ കൊതിച്ചവൾ…അവനു നൽകാൻമാത്രം കാത്തുവെച്ച അവളുടെ ശരീരത്തിൽ ഇപ്പോൾ ഒരു കൂട്ടം ചെന്നായ്ക്കൾ നഖപ്പാടുവീഴ്ത്തുന്നു….അതിന് കാവൽ നിൽക്കാൻ ആണത്തമില്ലാത്ത തന്റെ കാമുകൻ…ഒരു പെണ്ണ് അഗ്നിയാകാൻ ഇതുമതി.ഓരോ തവണ അകലാൻ ശ്രമിക്കുമ്പോഴും വീണ്ടും വീണ്ടും എന്നെ പിന്തുടരുന്ന പാപങ്ങൾ..  ആയിരം തേളുകൾ കുത്തിയ വേദനയിൽ എന്നിലെ ലഹരി ദഹിച്ചു. മുറികൾ തുറന്ന് വന്ന് ആരെങ്കിലും ഞങ്ങളെ തടഞ്ഞിരുന്നെങ്കിൽ എന്നുഞാൻ ആശിച്ചുപോയി.പക്ഷെ ആരും വന്നില്ല.ആധുനിക മനുഷ്യന്റെ ബധിരകർണ്ണങ്ങൾക്ക് അവളുടെ നേർത്ത നിലവിളി ഉൾക്കോള്ളാൻ ശക്തിയുണ്ടായിരുന്നില്ല. ആരും ഒന്നും കേട്ടില്ല.
നിമിഷങ്ങൾ ചോരത്തുള്ളികളായ് വീണുകൊണ്ടിരുന്നു.
ഒടുവിൽ അലെക്സ് ഒരു ചെറുചിരിയോടെ റൂമിൽനിന്നിറങ്ങി.
“ക്യാപ്റ്റൻ…കയറിക്കോ…ഞാൻ നമ്മുടെ റൂമിൽപ്പോയി ആ നായരെ വിളിച്ചിട്ട് വരാം. പെട്ടന്ന് നിർത്തിയേക്കണം” നാഥ് എന്നോട് പറഞ്ഞുകോണ്ട് നടന്നുപോയി.
ഞാൻ ആ ചെറുപ്പക്കാരനെ നോക്കി, അയാൾ ഇപ്പോഴും നിലത്തിരുന്ന് വരാന്തയിലെ നിഴലുകൾ നോക്കിയിരിക്കുന്നു..കലങ്ങിയ കണ്ണുകളുമായി…തന്റേടമില്ലാത്തവൻ…പക്ഷെ അവന്റെ മനസിൽ എത്ര തവണ ഞങ്ങൾ കൊല്ലപ്പെട്ടിട്ടുണ്ടാകും..?
 അടുത്ത ചെന്നായയായ് ഞാനും കയറി , വാതിലടച്ചു.മുറിയിലെ സാധനങ്ങളെല്ലാം നിലത്ത് ചിതറിക്കിടപ്പുണ്ട്.അവളുടെ വസ്ത്രങ്ങളും…….മൂലയിൽ , ഇരുട്ടിൽ അവൾ…എന്റെ മകളുടെ പ്രായമുള്ള ആ പെൺകുട്ടി..കാമുകനാലും ഞങ്ങളാലും വഞ്ചിക്കപ്പെട്ട്..കൂമ്പിയ ഒരു താമരപ്പൂപോലെ…ഒരു തുള്ളി കണ്ണീരെങ്കിലും അവൾക്ക്‌വേണ്ടി പൊഴിക്കാൻ സാധിച്ചെങ്കിൽ….
എന്നെ കണ്ടിട്ടും അവൾ തന്റെ നഗ്നത മറച്ചിരുന്നില്ല…വെളുത്തുമെലിഞ്ഞ ആ ശരീരത്തിൽ മുഴുവൻ അലെക്സിന്റെ നഖങ്ങൾ സമാന്തരരേഖകൾ തീർത്തിരുന്നു.എപ്പോഴോ മിന്നിമായുന്ന കണ്ണുകൾമാത്രം അവളിൽ ജീവന്റെ ലക്ഷണങ്ങൾ നൽകി.
എന്റെ മുന്നിൽ ഭൂതകാലത്തിന്റെ ചുരുളുകൾ ഓരോന്നായ് അഴിഞ്ഞു. കൈകൂപ്പി മാനത്തിനുവേണ്ടി യാചിക്കുന്ന സ്ത്രീത്വങ്ങൾ. എല്ലാറ്റിനെയും ഞാൻ ആർത്തിയോടെ പിച്ചിചീന്തി , അവസാനം ഇവളും എന്റെ മുന്നിൽ…അധികനേരം അവിടെ നിൽക്കാൻ എനിക്ക് സാധിച്ചില്ല. നിലത്ത് കിടന്ന വസ്ത്രങ്ങൾ അവളുടെ അരികിലേക്ക് നീക്കിവെച്ചു.
“മകളേ…ദയവുചെയ്ത് എനിക്ക് മാപ്പുതരരുത്..നിന്റെ ശാപം ഞാൻ അർഹിക്കുന്നു.അതിന്റെ അഗ്നിയിൽ എനിക്ക് ദഹിക്കണം..”
ഞാൻ മുറിക്ക് പുറത്തിറങ്ങി. കേണൽ നായർ ഊഴം കാത്തുനിൽപ്പുണ്ട്.
“ക്യാപ്റ്റൻ..എങ്ങനുണ്ട് അവൾ?…ഹോട്ടാണോ...?”
“അതെ….ഒരു കുഞ്ഞുമെഴുകുതിരിപോലെ..”
നായർ അകത്തേക്കുകയറി.
“എനിക്കുള്ളത് വല്ലതും ബാക്കിവെച്ചിട്ടുണ്ടോ..” നാഥിന്റെ പരാതി.
“നിനക്കുമാത്രമല്ല, നമുക്കെല്ലാവർക്കുമള്ളത് എവിടെയോ ബാക്കിവെച്ചിട്ടുണ്ട്..”
ഒന്നും മനസിലാകതെ നിന്ന നാഥിന്റെ ചുമലിൽ കൈകൊണ്ട് തട്ടി ഞാൻപോകാനൊരുങ്ങി. ആരാണ് എന്നെക്കൊണ്ട് ഇങ്ങെനെ പറയിപ്പിച്ചത്.മുന്നിലെ കാഴ്ച്ചകൾ മങ്ങുന്നുണ്ടോ..?
“ഹാ..അയ്യോ…?” രാത്രി നിലംപോത്തുന്ന ഉച്ചത്തിൽ മുറിയിൽനിന്നും നായരുടെ നിലവിളി….!
ഭയന്നുവിറച്ച് ഒരു ഭ്രാന്തനെപോലെ നായർ പുറത്തേക്ക്‌വീണു.            
“മകൾ…അയ്യോ..എന്റെ മകൾ..അവളെ നിങ്ങൾ..!?…വിടില്ലാ ഞാൻ ആരെയും….”
നായരുടെ റിവോൾവറിന് ജീവൻ വച്ചു…ചുറ്റുപാടും അത് ഗർജ്ജിച്ചു…
ഒരു ഗർജ്ജനം ഞാനും സ്വീകരിച്ചു...
***************************************************************